28 June 2024 Friday

ചാമ്പ്യൻസ് ലീഗിൽ പോരടിക്കാൻ സൗദി പ്രോ ലീഗ് ക്ലബ്ബുകൾ: യുവേഫയുമായി ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്

ckmnews


യുവേഫ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ അറബ് ക്ലബ്ബുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2025 ലെ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ്ബുകളെ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതായി വിവരം. യുവേഫയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറബ് ഫുട്ബോൾ ഫെഡറേഷന്റെ റിയാദ് ആസ്ഥാനത്തു നിന്നും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ മുഖ്യ പരിശീലകരുടെ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

സൗദി ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2024-2025 സീസണ്‍ മുതല്‍ സൗദി പ്രൊ ലീഗ് ജേതാക്കള്‍ക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ‘ഖേൽ നൗ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാമ്പ്യന്‍സ് ലീഗിന്‍റെ നിലവിലെ രീതി പൊളിച്ചെഴുതണമെന്നും ആകെ 36 ടീമുകളെ പങ്കെടുപ്പിച്ച് ലീഗ് നടത്തണമെന്നും പ്രൊ ലീഗ് അധികൃതര്‍ യുവേഫയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിലേക്കും ​ഫ്രാൻസിന്റെ കരീം ബെൻസേമ അൽ ഇത്തിഹാദിലേക്കും ബ്രസീൽ സെൻസേഷൻ നെയ്മർ അൽ ഹിലാലിലേക്കും എത്തിയതോടെ സൗദി അറേബ്യ ലോക ഫുട്ബാളിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. എൻഗോളെ കാൻറെ, റോബർട്ടോ ഫിർമിനോ, സാദിയോ മാനെ, ഹക്കിം സിയെച്ച്, റിയാദ് മെഹ്‌റസ്, കലിഡൗ കൗലിബാലി, ജോർദാൻ ഹെൻഡേഴ്‌സൺ എന്നിവരെല്ലാം സൗദി ക്ലബ്ബുകളിൽ എത്തിയിരുന്നു.