28 June 2024 Friday

ഔസ്മാൻ ഡെംബലെയെ സ്വന്തമാക്കി പി എസ് ജി

ckmnews


ബാഴ്സലോണ താരം ഔസ്മാൻ ഡെംബലെയെ സ്വന്തമാക്കി പാരീസ് സെന്റ് ജെർമെയ്ൻ. താരത്തിൻ്റെ വരവ് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43.5 മില്യൺ പൗണ്ടിനാണ് (50.4 മില്യൺ യൂറോ) ഫ്രഞ്ച് ഫോർവേഡ് താരത്തെ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്. ഡെംബെലെ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ബാഴ്സ കോച്ച് സാവി ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.

ലീഗ് 1 ചാമ്പ്യന്മാരുമായി അഞ്ച് വർഷത്തെ കരാറിലാണ് ഡെംബെലെ ഒപ്പുവച്ചിരിക്കുന്നത്. ‘പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരുന്നതിൽ അതിയായ സന്തോഷമുണ്ട്, പി.എസ്.ജി ജേഴ്സിയിൽ കളിക്കാൻ അക്ഷമനായി കാത്തിരിക്കുന്നു’ – ഡെംബെലെ പറഞ്ഞു. 2016 മുതൽ ബാഴ്‌സലോണയ്‌ക്കൊപ്പമാണ് ഈ 26 കാരൻ. പരിക്കുമൂലം പലപ്പോഴും വിട്ടുനിന്നെങ്കിലും കഴിഞ്ഞ സീസണിൽ ഫിറ്റ്‌നസ് വീണ്ടെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തു.


ബാഴ്സലോണയുമായി താരത്തിന് രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. ഡെംബെലെ ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് ബാഴ്സ കോച്ച് സാവി ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു. താരത്തെ നിലനിർത്താൻ സാവി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഡോർട്മുണ്ടിൽ നിന്നാണ് താരം ബാഴ്സലോണയിലെത്തിയത്. അതേസമയം, ശനിയാഴ്ച നടക്കുന്ന ആദ്യ ലീഗ് 1 മത്സരത്തിൽ ലോറിയന്റിനെ നേരിടാനുള്ള പിഎസ്‌ജി ടീമിൽ നിന്ന് ഫ്രാൻസ് സ്‌ട്രൈക്കർ എംബാപ്പെയെയും ബ്രസീലിന്റെ ഫോർവേഡ് നെയ്‌മറെയും ഒഴിവാക്കി.