28 June 2024 Friday

ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ഇന്നുമുതൽ; പുതിയ സീസണിൽ പുതിയ തന്ത്രങ്ങളുമായി ടീമുകൾ

ckmnews


ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പുതിയ സീസണ് ഇന്നു കിക്കോഫ്. അർധരാത്രി 12.30ന് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ബേൺലിയെ നേരിടും. നാളെ വൈകിട്ട് 5ന് ആർസനൽ സതാംപ്ടനെയും രാത്രി 7.30ന് ഷെഫീൽ‍ഡ് യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെയും ബോൺമോത്ത് വെസ്റ്റ്ഹാമിനെയും നേരിടും. ബ്രൈട്ടൻ – ലുറ്റൻ ടൗൺ, എവർട്ടൻ– ഫുൾഹാം, ന്യൂകാസിൽ– ആസ്റ്റൻ വില്ല മത്സരങ്ങളും നാളെ നടക്കും. 



ഗ്രൗണ്ടിന്റെ പാതിവരെയെത്തി മുന്നിലേക്കു പാസ് നൽകുന്ന ഗോൾകീപ്പർമാർ, ഗോളവസരം (അസിസ്റ്റ്) അടക്കം നൽകുന്ന ‘ഹൈബ്രിഡ്’ മിഡ്ഫീൽഡർമാരായി മാറിയ ഡിഫൻഡർമാർ...! ഇന്ന് ആരംഭിക്കുന്ന ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണിൽ ക്ലബ്ബുകൾ പയറ്റിത്തെളിയാൻ ലക്ഷ്യമിടുന്ന പുതിയ തന്ത്രവും കളിശൈലിയും ഇവയാണ്. ഇതിനകം തന്നെ മാഞ്ചസ്റ്റർ സിറ്റിയും ആർസനലും ലിവർപൂളും തുടങ്ങിക്കഴിഞ്ഞ ഈ ‘ഗെയിം പ്ലാൻ’ മറ്റു ക്ലബ്ബുകളും പിന്തുടരാൻ തയാറെടുക്കുകയാണ്.

ഗോൾവലയ്ക്കു മുന്നിൽനിന്നു പന്തിന്റെ വേഗം കണക്കാക്കി മാത്രം പ്രതികരിക്കുന്ന ഗോൾകീപ്പർമാരിൽ നിന്നു വ്യത്യസ്തമായി പന്തു കയ്യടക്കിവച്ചു കയറിക്കളിക്കുന്ന ഗോളിമാരാകും ഈ സീസണിൽ വിവിധ ക്ലബ്ബുകളുടെ മുഖമുദ്ര. ഇതോടൊപ്പം സ്റ്റോപ്പർമാരും സ്വീപ്പർമാരുമായ ഡിഫൻഡർമാരിൽ നിന്നു വ്യത്യസ്തമായി മധ്യനിരയിലൂടെ കയറിയും തിരികെ ഇറങ്ങിയും മുൻനിരയിലേക്കു പന്തെത്തിക്കുന്ന ഹൈബ്രിഡ് ഡിഫൻഡർമാരും പുതിയ കാഴ്ചയാകും.

ഗോളിയിൽനിന്ന് പന്തു സ്വീകരിച്ച്, മിഡ്ഫീൽഡിൽ കൈവശംവച്ച് കളി പൂർണമായി നിയന്ത്രണത്തിലാക്കിയ ശേഷം സ്കോറിങ് നടത്താനുള്ള ശ്രമത്തിലാണു പ്രിമിയർ ലീഗിലെ ഭൂരിപക്ഷം ക്ലബ്ബുകളും. അതിനാൽ ഈ സീസണിൽ കൂടുതൽ ‘ടീം ഗോളുകൾ’ പ്രതീക്ഷിക്കാം


ബോൾ പ്ലേയിങ് കീപ്പർ


 രാജ്യാന്തര മാധ്യമമായ ‘സ്കൈ സ്പോർട്സ്’ നടത്തിയ വിശകലനത്തിൽ 2003 മുതൽ 2010 വരെയുള്ള സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ഗോൾകീപ്പർമാരുടെ പന്തടക്കം 43 ശതമാനമായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ (2022–23) ഇത് 67 ശതമാനമായി ഉയർന്ന്, എക്കാലത്തെയും റെക്കോർഡ് ആയി. തങ്ങൾക്കു കിട്ടുന്ന പന്ത് കാലിൽ കോർത്തു ബോക്സിനു പുറത്തെത്തിച്ച്, മുന്നേറ്റ നിരയിലേക്കു നൽകാനാണു ഗോൾകീപ്പർമാർ ഇപ്പോൾ ശ്രമിക്കുന്നത്. അവസാന പ്രതിരോധ മതിൽ എന്നതിൽ നിന്ന് ആക്രമണം തുടങ്ങുന്ന ആദ്യ കണ്ണി എന്ന നിലയിലേക്കു ഗോൾകീപ്പർമാർ മാറി.