28 June 2024 Friday

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ടെസ്റ്റിന് ഇന്ന് തുടക്കം

ckmnews


ജസ്പ്രീത് ബുമ്രയില്ല, മുഹമ്മദ് ഷമിയില്ല; സമീപകാലത്ത് ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങളുടെയെല്ലാം ശിൽപികളായിരുന്ന മുൻനിര പേസർമാരില്ലാതെ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നു.19 ടെസ്റ്റുകളുടെ മാത്രം മത്സരപരിചയമുള്ള മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് പടയെ നയിക്കുന്നത്. കൂട്ടിന് 9 ടെസ്റ്റുകൾ കളിച്ച ഷാർദൂൽ ഠാക്കൂർ, 2 മത്സരം വീതം കളിച്ച ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, അരങ്ങേറ്റ മത്സരത്തിനായി കാത്തിരിക്കുന്ന മുകേഷ് കുമാർ എന്നിവർ.


റൂസോയിലെ വിൻസർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരത്തിനു തുടക്കം. ഡിഡി സ്പോർട്സ് ചാനലിലും ജിയോ സിനിമ, ഫാൻകോഡ് ആപ്പുകളിലും തൽസമയം കാണാം. സീനിയർ താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിനു കരുത്തു പകരും.ഏകദിന ലോകകപ്പിന് യോഗ്യത പോലും നേടാനാവാതെ പോയ വിൻഡീസിന് ലോക ക്രിക്കറ്റിൽ തങ്ങൾ അപ്രസക്തരായിട്ടില്ല എന്നു തെളിയിക്കാനുള്ള അവസരമാണ് ഈ പരമ്പര. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് നയിക്കുന്ന ടീമിന് ഇന്ത്യയെക്കാൾ പേസ് കരുത്തുണ്ട്. കെമർ റോച്ച്, ഷാനൺ ഗബ്രിയേൽ, അൽസാരി ജോസഫ്, ജയ്സൻ ഹോൾഡർ എന്നിവരാണ് പ്രധാന ബോളർമാർ. ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.