28 June 2024 Friday

ഇന്ത്യ – വിൻഡീസ് പര്യടനം ദൂരദർശൻ സംപ്രേഷണം ചെയ്യും; ആറ് ഭാഷകളിൽ ആസ്വദിക്കാം

ckmnews


ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ദൂരദർശൻ സംപ്രേഷണം ചെയ്യും. ആറ് ഭാഷകളിലാവും പരിമിത ഓവർ മത്സരങ്ങളുടെ സംപ്രേഷണം. പ്രദേശിക ഡിഡി ചാനലുകളിലൂടെ ഹിന്ദി, ഇം​ഗ്ലീഷ്, തമിഴ്, തെലുങ്കു, ബം​ഗ്ലാ, കന്നഡ എന്നീ ഭാഷകളിൽ മത്സരം ആസ്വദിക്കാം. ടെസ്റ്റ് പരമ്പര ഡിഡി സ്പോർട്സിലാവും സംപ്രേഷണം ചെയ്യുക.ഈ മാസം 12 മുതൽ ഓ​ഗസ്റ്റ് 13 വരെയാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ്‌ പര്യടനത്തിൽ ഉള്ളത്. ജൂലായ് 12ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയോടെ പര്യടനത്തിനു തുടക്കമാകും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ടെസ്റ്റ് ജൂലൈ 20 മുതൽ ആരംഭിക്കും. ഈ ടെസ്റ്റ് പരമ്പരയാണ് വരുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങൾ. പര്യടനത്തിലെ ഏകദിന പോരാട്ടങ്ങൾ ജൂലായ് 27, 29, ഓഗസ്റ്റ് ഒന്ന് തീയതികളിൽ നടക്കും. ടി-20 പരമ്പര ഓഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് ടി-20 മത്സരങ്ങൾ. അവസാനത്തെ രണ്ട് ടി-20കൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്.മലയാളി താരം സഞ്ജു സാംസൺ ഏകദിന, ടി-20 ടീമുകളി ഉൾപ്പെട്ടിട്ടുണ്ട്. ബിസിസിഐ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സ്‌ക്വാഡ് ആണിത്. രോഹിത് ശർമക്കും വിരാട് കോലിക്കും ടി-20 ടീമിൽ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്.


ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റനായി ടീമിലുണ്ട്. യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളും തിലക് വർമയും ആദ്യമായി ടീമിലിടം നേടി. ഏകദിന ടീമിൽ മുകേഷ് കുമാർ, ഋതുരാജ് ഗെയ്ക്വാദ്, ജയ്ദേവ് ഉനദ്കട്ട് തുടങ്ങിയവർ ഇടം പിടിച്ചു.


ഇന്ത്യൻ ടി-20 സ്‌ക്വാഡ്: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.


ഇന്ത്യൻ ഏകദിന സ്ക്വാഡ്: രോഹിത് ശർമ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, ഉമ്രാൻ മാലിക്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ