28 June 2024 Friday

കുഞ്ഞൻ ടീമുകളോട് പോലും തോൽവി; ഇന്ത്യ വേദിയാകുന്നത് വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്

ckmnews


റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ 44ആം ഓവറിലെ മൂന്നാം പന്ത്. ആ ഷോർട്ട് ബോൾ മാത്യു ക്രോസിൻ്റെ ബാറ്റിൽ നിന്ന് ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക്. പിറന്നത് വിരുദ്ധ ദിശയിലുള്ള രണ്ട് ചരിത്രങ്ങളാണ്. ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ക്രിക്കറ്റ് ലോകകപ്പ്, ഏകദിന ചരിത്രത്തിലാദ്യമായി സ്കോട്ട്ലൻഡിന് വെസ്റ്റ് ഇൻഡീസിനു മേലുള്ള ജയം. ഡഗൗട്ടിൽ പരിശീലകൻ ഡാരൻ സമ്മി തലകുനിച്ചുനിൽക്കുന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പ് നിർവികാരതയോടെ തിരികെ നടക്കുന്നു. ഗ്യാലറിയിൽ മെറൂൺ ജഴ്സിയണിഞ്ഞ് തലയിൽ കൈവച്ച് കണ്ണ് നിറഞ്ഞുനിൽക്കുന്ന ആരാധകർ. കമൻ്ററി ബോക്സിൽ പതിവുപോലെ ഇയാൻ ബിഷപ്പിൻ്റെ മുഴക്കം. ‘ദിസ് ഈസ് ഗട്ട് റെഞ്ചിംഗ്’ ആ മുഴക്കത്തിൽ അടക്കിനിർത്താൻ കഴിയാത്ത നിരാശ.ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് എതിരാളികള്‍ ഭയപ്പെട്ടിരുന്ന ടീം. കളിക്കളത്തിലെ ഏത് വമ്പന്‍മാരെയും തീ തുപ്പുന്ന പന്തുകള്‍ കൊണ്ടും വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും വിറപ്പിച്ചിരുന്നവര്‍. എന്നാല്‍, ഇന്ന് കഥ മാറി. കുഞ്ഞന്മാരായ എതിരാളികള്‍ക്ക് മുന്നില്‍ പോലും ഒന്ന് പോരാടാനാകാതെ, തിരിച്ചടിക്കാനാകാതെ അവര്‍ കീഴടങ്ങുന്നു… ഒടുവില്‍ ഏകദനിക ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത പോലും നേടാനാകാതെ അവര്‍ മടങ്ങുന്നു…48 വര്‍ഷത്തെ ചരിത്രത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇല്ലാത്ത ആദ്യ ലോകകപ്പിനാണ് ഇന്ത്യ വേദിയാകാന്‍ ഒരുങ്ങുന്നത്.


ക്വാളിഫയർ ടൂർണമെന്റിലെ നിർണായക മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ എഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് പരാജയപ്പെട്ടത്. 182 റൺസിന് വിൻഡീസിനെ പുറത്താക്കിയ സ്കോട്‌ലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ, 39 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. നേരത്തെ സിംബാബ്‌വെ, നെതർലൻഡ്‌സ്‌ ടീമുകളോടും വിൻഡീസ് പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ഏകദിന ലോകകിരീടം നേടിയ വിൻഡീസ് ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടാതെ പോകുന്നത്.1970-1990 കാലഘട്ടത്തിൽ ലോക ക്രിക്കറ്റില്‍ ‘കിരീടം വച്ച രാജാക്കന്മാര്‍’ തന്നെയായിരുന്നു വെസ്‌റ്റ് ഇന്‍ഡീസ്. ഇക്കാലയളവില്‍ രണ്ട് തവണ വിശ്വകിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്ക് സാധിച്ചു. 1975, 1979 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പ് ഉയര്‍ത്തി അവര്‍ ലോകത്തെ തന്നെ ഞെട്ടിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോകകപ്പില്‍ കപിലിന്‍റെ ടീമിനോട് തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും തുടര്‍ച്ചയായ മൂന്ന് ഫൈനലുകള്‍ എന്നത് ചരിത്രത്താളുകളില്‍ തന്നെ എഴുതിച്ചേര്‍ക്കപ്പെട്ടു. പിന്നീട് ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ഇന്ത്യ ടീമുകള്‍ പതിയെ പതിയെ ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ വിന്‍ഡീസിന്‍റെ കരുത്ത് പതിയെ കുറഞ്ഞുതുടങ്ങി.എങ്കിലും അന്നും അവര്‍ പ്രതിഭകളാല്‍ സമ്പന്നരായിരുന്നു.


ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ പ്രതാപം നഷ്‌ടപ്പെട്ടുകൊണ്ടിരുന്ന വെസ്റ്റ് ഇന്‍ഡീസിന് ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ മറ്റൊരു മുഖമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ പലതാരങ്ങള്‍ക്കും ടി20യില്‍ കരുത്ത് കാട്ടാന്‍ സാധിച്ചു. ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്‌ന്‍ ബ്രാവോ എന്നിവരെല്ലാം ഈ ഫോര്‍മാറ്റില്‍ ഇതിഹാസങ്ങളായി.


2012, 2016 എന്നീ വര്‍ഷങ്ങളില്‍ ഡാരന്‍ സമിക്ക് കീഴില്‍ ടി20 കിരീടം ഉയര്‍ത്തിയ അവര്‍ ശക്തമായി തന്നെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കി. എന്നാല്‍ അതുമുണ്ടായില്ല, പതിയെ ഏത് എതിരാളികളോടും എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടുന്ന ഒരു ടീമായി അവര്‍.


ഒരുപക്ഷെ ഫീനിക്‌സ് പക്ഷിയെപ്പോലെ അവര്‍ ഉയര്‍ത്തെഴുന്നേറ്റേക്കാം… വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയേക്കാം… കരീബിയൻ വസന്തം ഇനിയുമുണ്ടാകുമെന്ന പ്രതീക്ഷകൾ അവസാനിക്കുന്നില്ല.