28 June 2024 Friday

ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല;

ckmnews


മുംബൈ:2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ വേദി വിശദാംശങ്ങളും പൂർണ്ണ മത്സര ക്രമങ്ങളും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ന് പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്.


ഒക്‌ടോബർ 5-ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേരിടും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയെ ഒക്‌ടോബർ 8ന് ചെന്നൈയിൽ ഇന്ത്യ നേരിടും.


നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക, നവംബർ 20 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്.


ഓരോ ടീമും മറ്റ് ഒമ്പതുപേരുമായും റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കുന്നു, ആദ്യ നാല് സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലേക്കും സെമി ഫൈനലിലേക്കും യോഗ്യത നേടുന്നു.


ആദ്യ സെമി ഫൈനൽ നവംബർ 15 ബുധനാഴ്ച മുംബൈയിലും രണ്ടാം സെമി ഫൈനൽ അടുത്ത ദിവസം കൊൽക്കത്തയിലും നടക്കും. രണ്ട് സെമിഫൈനലുകൾക്കും റിസർവ് ഡേ ഉണ്ടായിരിക്കും.

മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഡേ-നൈറ്റ് മത്സരങ്ങളായിരിക്കും, ഉച്ച കഴിഞ്ഞ രണ്ട് മണിക്ക് മത്സരം ആരംഭിക്കും


ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ ആകെ 10 വേദികളുണ്ടാകും.


ഹൈദരാബാദിന് പുറമെ ഗുവാഹത്തിയും തിരുവനന്തപുരം ഗ്രീൻഫീൽഡ് കാര്യവട്ടം സ്റ്റേഡിയവും സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ സന്നാഹ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.


ലോകകപ്പ് മത്സരങ്ങൾക്ക് ഇനി 100 ദിവസമാണ് അവശേഷിക്കുന്നത്. ടൂർണമെന്റിന് സമ്പൂർണമായി ഇന്ത്യയാണ് വേദിയാകുന്നത്. ലോകകപ്പിനോട് അനുബന്ധിച്ചുള്ള ട്രോഫിയും അനാച്ഛാദനം ചെയ്തു. അടുത്ത 100 ദിവസത്തിനുള്ളില്‍ 18 രാജ്യങ്ങളില്‍ ട്രോഫി എത്തും