28 June 2024 Friday

ചെൽസി താരം കൗലിബാലിയെ റാഞ്ചി അൽ ഹിലാൽ

ckmnews


യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള താരങ്ങളുടെ കുത്തൊഴുക്ക് വർധിക്കുന്നു. സൗദി ക്ലബ്ബുകളെ യൂറോപ്പിലെ മുൻ നിര താരങ്ങളുമായി ബന്ധപ്പെടുത്തി വരുന്നത് ദിനം പ്രതി ഒട്ടനവധി റിപ്പോർട്ടുകൾ. നിലവിൽ ഒരു പിടിയോളം ലോകോത്തര താരങ്ങൾ സൗദി അറേബ്യയിലെ മുൻ നിര ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. ആ നിരയിൽ ഏറ്റവും പുതിയതായി സ്ഥാനം പിടിക്കുന്ന ഒരാളാണ് സെനഗലിന്റെ കാലിദൊ കൗലിബാലി. സൗദി ക്ലബ് അൽ ഹിലാലുമായി താരം 2026 വരെ കരാർ ഒപ്പിട്ടു. 23 മില്യൺ യൂറോക്കാണ് താര കൈമാറ്റം നടന്നത്. 32 കാരനായ കൗലിബാലി കഴിഞ്ഞ ജൂലൈയിലാണ് നാപ്പോളിയിൽ നിന്നും ചെൽസിയിലേക്ക് എത്തിയത്.

കഴിഞ്ഞ ദിവസം പോർച്ചുഗൽ മിഡ്ഫീൽഡർ റൂബൻ നെവെസ് പ്രീമിയർ ലീഗിലെ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിൽ നിന്നും അൽ ഹിലാലിലേക്ക് നീങ്ങിയിരുന്നു. ഏഷ്യയിലെയും സൗദി അറേബ്യയിലെയും ഏറ്റവും അധികം നേട്ടങ്ങൾ കരസ്ഥമാക്കിയ ക്ലബാണ് അൽ ഹിലാൽ. നാല് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 18 ലീഗ് കിരീടങ്ങളും അൽ ഹിലാലിന്റെ ട്രോഫി ക്യാബിനറ്റിൽ ഉണ്ട്.


ഈ സീസണിൽ ചെൽസിയിൽ നിന്നും സൗദിയിലേക്ക് നീങ്ങുന്ന രണ്ടാമത്തെ കളിക്കാരനാണ് കൗലിബാലി. മറ്റൊരാൾ അൽ എത്തിഹാദുമായി കരാറിലെത്തിയ ഫ്രഞ്ച് മിഡ്ഫീൽഡർ എംഗോളോ കാന്റെയാണ്. കൂടാതെ, ചെൽസിയുടെ തന്നെ ഗോൾകീപ്പർ എഡ്വേര്‍ഡ് മെൻഡി അൽ അൽഹിയുമായും മുന്നേറ്റ താരം ഹക്കിം സീയച്ച് അൽ നാസറുമായും ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

ഫുട്ബോളിലെ സൂപ്പർ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ ശൈത്യകാല ട്രാൻസ്ഫർ ജാലകത്തിൽ സൗദിയിലേക്ക് ചേക്കേറിയിരുന്നു. അതിന് ശേഷമാണ് യൂറോപ്പിലെ മുൻ നിര താരങ്ങൾ സൗദി ലക്ഷ്യം വെക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദി ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് ബാലൺ ഡി ഓർ ജേതാവ് കരിം ബെൻസെമയെ ടീമിലെത്തിച്ച ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരുന്നു. കൂടാതെ, ലിവർപൂൾ താരം റോബർട്ടോ ഫിർമിഞ്ഞോ, ഇന്റർ മിലാന്റെ ബ്രോസോവിച്ച്, ആഴ്സണലിന്റെ തോമസ് പാർടി എന്നിവരെയും തട്ടകത്തിൽ എത്തിക്കാൻ സൗദി ക്ലബ്ബുകൾ ലക്ഷ്യമിടുന്നുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര ഫുട്ബോൾ ലീഗിൽ സൗദി അറേബ്യ കൂടുതൽ നിക്ഷം നടത്താൻ തീരുമാനിച്ചതാണ് പെട്ടെന്നുള്ള ഈ വിപ്ലവത്തിന് കാരണം. അതിന്റെ ഭാഗമായി, പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ജൂണിൽ രാജ്യത്തെ പ്രധാനപ്പെട്ട നാല് ക്ലബ്ബുകളെ ഏറ്റെടുത്തു. അൽ ഹിലാൽ, അൽ എത്തിഹാദ്, അൽ നാസർ, അൽ അഹ്‍ലി എന്നിവയാണ് ആ നാല് ക്ലബ്ബുകൾ.