28 June 2024 Friday

മുന്നില്‍ റൊണാള്‍ഡോയും മെസിയും മാത്രം, ഏഷ്യയിലെ രണ്ടാമന്‍; ചരിത്രനേട്ടത്തില്‍ സുനില്‍ ഛേത്രി

ckmnews


ബെംഗലൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഹാട്രിക് പ്രകടനത്തോടെ ദേശീയ കുപ്പായത്തിലോ ഗോള്‍വേട്ടയില്‍ ഏഷ്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. സജീവ ഫുട്ബോളില്‍ തുടരുന്ന താരങ്ങളില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. പാക്കിസ്ഥാനെതിരായ ഹാട്രിക്കോടെ ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ ഗോള്‍ നേട്ടം 90 ആയി. 89 ഗോളുകള്‍ നേടിയിട്ടുള്ള മലേഷ്യയുടെ മുഖ്താര്‍ ദാഹരിയെ മറികടന്നാണ് ഛേത്രി ഏഷ്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.


ഏഷ്യന്‍ താരങ്ങളില്‍ 109 ഗോള്‍ നേടിയിട്ടുള്ള ഇറാന്‍റെ ഇതിഹാസതാരം അലി ദേയി മാത്രമാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. സജീവ ഫുട്ബോളില്‍ തുടരുന്ന താരങ്ങളിലാകട്ടെ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും സാക്ഷാല്‍ ലിയോണല്‍ മെസിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. എന്നാല്‍ കളിച്ച മത്സരങ്ങളും ഗോള്‍ ശരാശരിയും നോക്കുമ്പോള്‍ മെസിയും റൊണാള്‍ഡോയുമെല്ലാം ഛേത്രിക്ക പിന്നില്‍ നില്‍ക്കേണ്ടിവരും. പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ 123 ഗോളുകളുമായി മുന്നിലുണ്ട്.

കളിക്കുന്ന ഓരോ മത്സരത്തിലും 0.62 ആണ് റൊണാള്‍ഡോയുടെ ഗോള്‍ സ്കോറിംഗ് ശരാശരി. രണ്ടാം സ്ഥാനത്തുള്ള ഇറാന്‍റെ അലി ദേയി 148 മത്സരങ്ങളില്‍ നിന്ന് 0.74 ഗോള്‍ സ്കോറിംഗ് ശരാശരിയുമായി രണ്ടാം സ്ഥാനത്തുണ്ട്. 175 മത്സരങ്ങളില്‍ അര്‍ജന്‍റീനക്കായി കളിച്ച ലിയോണല്‍ മെസി 103 ഗോള്‍ നേടി. ഗോള്‍ സ്കോറിംഗ് ശരാശരി പക്ഷെ 0.59 മാത്രമാണ്. അതേസമം, ഇന്ത്യക്കായി 138 മത്സരങ്ങള്‍ കളിച്ച സുനില്‍ ഛേത്രി 90 ഗോളുകള്‍ നേടിയപ്പോള്‍ ഗോള്‍ സ്കോറിംഗ് ശരാശരി 0.65 ആണ്.

റൊണാള്‍ഡോയും മെസിയും ഗോള്‍ ശരാശരിയില്‍ ഛേത്രിക്ക് പിന്നിലാണ്. ഹംഗറിക്കായി 85 മത്സരങ്ങള്‍ കളിച്ച് 84 ഗോളുകള്‍ നേടുകയും 0.99 ഗോള്‍ ശരാശരിയുമുള്ള ഇതിഹാസ താരം ഫെറെങ്ക് പുഷ്കാസ് ആണ് ദേശീയ കുപ്പായത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ ശരാശരിയുള്ള താരം. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ 11, 15, 74 മിനിറ്റുകളില്‍ ഗോളടിച്ചാണ് ഛേത്രി ഹാട്രിക് തികച്ചത്. ഛേത്രിയുടെ അവസാന രണ്ട് ഗോളുകളും പെനല്‍റ്റി കിക്കില്‍ നിന്നായിരുന്നു. എതിരില്ലാത്ത നാലു ഗോളിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തുവിട്ടത്.