28 June 2024 Friday

സാദിയോ മാനെയുടെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് തോല്‍വി; ജര്‍മനിയെ വീഴ്ത്തി കൊളംബിയ

ckmnews


ലിസ്ബണ്‍: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിന് നാണംകെട്ട തോൽവി. സെനഗൽ രണ്ടിനെതിരെ നാല് ഗോളിന് ബ്രസീലിനെ തോൽപിച്ചു. ക്യാപ്റ്റൻ സാദിയോ മാനേയുടെ ഇരട്ടഗോൾ കരുത്തിലാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ സെനഗലിന്‍റെ ജയം. ലൂകാസ് പക്വേറ്റ, മാർക്വീഞ്ഞോസ് എന്നിവരാണ് ബ്രസീലിന്‍റെ ഗോളുകൾ നേടിയത്.


ഹബിബ ഡിയാലോ സെനഗലിന്‍റെ ആദ്യഗോൾ നേടിയപ്പോൾ മാ‍ർക്വീഞ്ഞോസിന്‍റെ സെൽഫ് ഗോൾ ബ്രസീലിന്‍റെ പതനം പൂർത്തിയാക്കി. സെനഗൽ ആദ്യമായാണ് ബ്രസീലിനെ തോൽപിക്കുന്നത്. സെനഗലിന്‍റെ തോൽവി അറിയാത്ത എട്ടാമത്തെ മത്സരമാണിത്. ഒൻപത് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ബ്രസീൽ നാല് ഗോൾ വഴങ്ങുന്നത്.

11-ാം മിനിറ്റില്‍ പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 22-ാം മിനിറ്റില്‍ ഹബീബ് ഡയാലയിലൂടെ സെനഗല്‍ ഒപ്പമെത്തി. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം അടിച്ച് തുല്യതയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മാര്‍ക്വീഞ്ഞാസിന്‍റെ സെല്‍ഫ് ഗോള് ബ്രസീലിനെ പിന്നിലാക്കി. തൊട്ടുപിന്നാലെ സാദിയോ മാനെയും ലക്ഷ്യം കണ്ടപ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ ഞെട്ടി.


രണ്ട് ഗോളിന് പിന്നിലായിപ്പോയതിന്‍റെ ഞെട്ടലില്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ച ബ്രസീലിനായി മാര്‍ക്വീഞ്ഞാസ് തന്നെ ഒരു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന് പ്രതക്ഷ നല്‍കി. സമനില ഗോളിനായി ബ്രസീല്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ലഭിച്ച പെനല്‍റ്റി സാദിയോ മാനെ ബ്രസീലിന്‍റെ തോല്‍വി ഉറപ്പിച്ചു.

ബ്രസീലിന് പിന്നാലെ കരുത്തരായ ജർമ്മനിയുടെയും കഷ്ടകാലം തുടരുകയാണ്. സൗഹൃദ മത്സരത്തിൽ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജ‍ർമ്മനിയെ തോൽപിച്ചത്. ലൂയിസ് ഡിയാസും ക്യാപ്റ്റൻ യുവാൻ ക്വാഡ്രാഡോയുമാണ് കൊളംബിയയുടെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ രണ്ടു ഗോളും. അവസാന നാല് കളിയിൽ ജർമ്മനിയുടെ മൂന്നാം തോൽവിയാണിത്.