28 June 2024 Friday

ഇരുന്നൂറാം മത്സരത്തില്‍ ഗോളടിച്ച് റൊണാള്‍ഡോ, പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും ജയം

ckmnews


ലിസ്ബണ്‍: യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ പോർച്ചുഗലിന് തുട‍ർച്ചയായ നാലാം ജയം. പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് ഐസ്‍ലൻഡിനെ തോൽപിച്ചു. പോര്‍ച്ചുഗല്‍ ജേഴ്സിയില്‍ ഇരുന്നൂറാം മത്സരത്തിന് ഇറങ്ങിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പോർച്ചുഗലിന്‍റെ രക്ഷകനായത്.


89-ാം മിനിറ്റിലായിരുന്നു 38കാരനായ റൊണാൾഡോയുടെ വിജയഗോൾ. പോർച്ചുഗലിനായി റൊണാൾഡോയുടെ 123-ാം ഗോളാണിത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഇരുന്നൂറ് മത്സരങ്ങളിൽ കളിക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റ്യാനോ. എൺപതാം മിനിറ്റിൽ വില്ലും വില്ലുംസൺ ചുവപ്പ് കാർഡ് കണ്ടതോടെ ഐസ്‍ലൻഡ് പത്തുപേരുമായാണ് കളി പൂ‍ർത്തിയാക്കിയത്.

ബെല്‍ജിയത്തിനും ജയത്തുടര്‍ച്ച


യൂറോ കപ്പ് യോഗ്യതാ റൗണ്ടിലെ മറ്റൊരു പോരാട്ടത്തിൽ ബെൽജിയം തുടര്‍ച്ചയായ രണ്ടാം ജയം നേടി. എതിരില്ലാത്ത മൂന്ന് ഗോളിന് എസ്റ്റോണിയയെ ആണ് ബെല്‍ജിയം തകര്‍ത്തുവിട്ടത്. ക്യാപ്റ്റൻ റൊമേലു ലൂക്കാക്കുവിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് ബെൽജിയത്തിന്‍റെ ദജയം. 37, 40 മിനിറ്റുകളിലായിരുന്നു ലുക്കാക്കുവിന്‍റെ ഗോളുകൾ. തൊണ്ണൂറാം മിനിറ്റിൽ യോഹാൻ ബകായോകയാണ് ബെൽജിയത്തിന്‍റെ ജയം പൂർത്തിയാക്കിയത്.


ഗ്രൂപ്പ് എഫിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ബെൽജിയം. ക്യാപ്റ്റനാക്കാത്തതിൽ പ്രതിഷേധിച്ച് ടീം വിട്ടുപോയ ഗോളി തിബോത് കോ‍ർട്വോയ്ക്ക് പകരം മാറ്റ്സ് സെൽസാണ് ബെൽജിയത്തിന്‍റെ ഗോൾവലയം കാത്തത്.