28 June 2024 Friday

ജയിച്ചാൽ റാങ്കിങ്ങിൽ ഇന്ത്യ മുകളിലേക്ക്, ഇന്ത്യ ഇന്ന് ലെബനനെ നേരിടും

ckmnews

ഭുവനേശ്വർ ∙ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഇന്ന് ‘ഫൈനൽ റിഹേഴ്സൽ’. മംഗോളിയയ്ക്കും വനൗതുവിനും എതിരെയുള്ള ജയങ്ങളിലൂടെ ഫൈനൽ ഉറപ്പിച്ച ഇന്ത്യ ഇന്ന് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ലെബനനെ നേരിടും. മത്സരഫലത്തിനു ടൂർ‌ണമെന്റിൽ പ്രസക്തിയില്ലെങ്കിലും ഫിഫ റാങ്കിങ്ങിൽ 100 സ്ഥാനത്തിനുള്ളിൽ ഇടം പിടിക്കാൻ ഇന്ത്യയ്ക്കുള്ള അവസരമാണ് ഇന്നത്തെ മത്സരം.


ഫിഫ റാങ്കിങ്ങിൽ 99–ാം സ്ഥാനത്തുള്ള ലെബനനെ തോൽപിച്ചാൽ നിലവിൽ 101–ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കു സ്ഥാനം മെച്ചപ്പെടുത്താം. കഴിഞ്ഞ മത്സരത്തിൽ മംഗോളിയയ്ക്കെതിരെ സമനില വഴങ്ങിയ ലെബനന് ഫൈനൽ ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്.

കലിംഗ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. വൈകിട്ട് 4.30നു നടക്കുന്ന മത്സരത്തിൽ വനൗതു മംഗോളിയയെ നേരിടും. ഞായറാഴ്ചയാണ് ടൂർണമെന്റിന്റെ ഫൈനൽ.