28 June 2024 Friday

നേഷന്‍സ് ലീഗ്: നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലില്‍; ഇറ്റലി-സ്പെയിന്‍ രണ്ടാം സെമി ഇന്ന്

ckmnews


ആംസ്റ്റര്‍ഡാം: ആതിഥേയരായ നെതര്‍ലൻഡിനെ അട്ടിമറിച്ച് ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് ഫൈനലില്‍. സെമിഫൈനലിൽ 4-2 ആണ് ക്രൊയേഷ്യയുടെ ജയം. എക്സ്ട്രാ ടൈമില്‍ ബ്രൂണോ പെറ്റ്കോവിച്ചും ലൂക്കാ മോഡ്രിച്ചും നേടിയ നിര്‍ണായക ഗോളുകളാണ് ക്രൊയേഷ്യയെ വിജയത്തിലേക്ക് എത്തിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോൾ നേടി ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് നെതലൻഡ്സിന്റെ തോൽവി.


34-ാം മിനിറ്റില്‍ ഡോണിയല്‍ മലനിലൂടെ നെതര്‍ലന്‍ഡ്സാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ പെനല്‍റ്റിയിലൂടെ ആന്ദ്രെ ക്രാംചെക്ക് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. 72-ാം മിനിറ്റില്‍ മരിയോ പസാലിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ നോവ ലാങ് നെതര്‍ല്‍ഡ്സിന് നീടകീയ സമനില നല്‍കിയതിനെത്തുടര്‍ന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്‍റെ എട്ടാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ച് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 116-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലൂക്ക മോഡ്രിച്ച് ക്രൊയേഷ്യയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി.

ഇന്ന് ഇറ്റലി-സ്പെയിന്‍ രണ്ടാം സെമി


യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയുടെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലി, സ്പെയിനിനെ നേരിടും. രാത്രി പന്ത്രണ്ടേ കാലിനാണ് മത്സരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം നേടാനാണ് സ്പെയിൻ ഇറങ്ങുന്നത്. യൂറോ ചാംപ്യന്മാരെങ്കിലും ലോകകപ്പിന് യോഗ്യത നേടാൻ ഇറ്റലിക്കായിരുന്നില്ല. അതിന്‍റെ ക്ഷീണം കപ്പെടുത്ത് തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് റോബര്‍ട്ട് മാൻചീനിയും സംഘവും.

ഗോൾ വലയ്ക്ക് മുന്നിൽ വിശ്വസ്തനായ യുവതാരം ഡോണറൂമ. പ്രതിരോധത്തെ നയിക്കുന്നത് നായകനായ ബൊണൂച്ചി. ഒപ്പം ചാംപ്യൻസ് ലീഗിൽ ഇന്‍റര്‍ മിലാനെ ഫൈനലിലെത്തിച്ച ഫെഡറികോ ഡിമാര്‍കോയും, അലക്സാണ്ടര്‍ ബസ്റ്റോണിയും. മധ്യനിരയുടെ കരുത്ത് പരിചയ സമ്പന്നരായ മാര്‍ക്കോ വെറാറ്റിയിലും, ജോര്‍ജീഞ്ഞോയിലുമാണ്. കൂട്ടിന് ബരേലയുമുണ്ട്. ഗോളടിക്കാൻ യുവന്‍റസിന്‍റെ കിയേസയും ലാസിയോയുടെ ഇമ്മോബിളും.കഴിഞ്ഞ യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിയെ മറികടന്നാണ് സ്പെയിൻ ഫൈനലിലെത്തിയത്. അതിന്‍റെ കണക്കും തീര്‍ക്കാനുണ്ട് അസൂറികൾക്ക്. 2010ന് ശേഷം ഒരു കിരീടം നേടാൻ പോലും സാധിച്ചിട്ടില്ലാത്ത സ്പെയിൻ യുവനിരയുടെ കരുത്തിലാണ് സെമിയിലെത്തിയത്. ലോകകപ്പിൽ നിരാശപ്പെടുത്തിയെങ്കിലും പ്രതിഭാ ധാരാളിത്ത സംഘമാണ് ലാ റോജകളുടേത്. ആൽവാറോ മൊറോട്ട നയിക്കുന്ന ടീമിന്‍റെ കരുത്ത് പെഡ്രി, ഗാവി,അൻസു ഫാറ്റി, അസൻസിയോ, ഡാനി ഓൽമോ, റൊഡ്രി എന്നിവരുടെ ചോരത്തിളപ്പിലാണ്. ഒപ്പം പരിചയ സമ്പന്നരായ ജോര്‍ഡി ആൽബ, ജീസസ് നവാസ്,ഡാനി കര്‍വഹാൾ എന്നിവരുമുണ്ട്. കഴിഞ്ഞ ഫൈനലിൽ ഫ്രാൻസിനോട് തോറ്റത് മറന്ന് കന്നി കീരിടത്തിലെത്താമെന്നാണ് സ്പെയിനിന്‍റെ പ്രതീക്ഷ.