28 June 2024 Friday

വനൗതുവിനെതിരെ 80-ാം മിനിറ്റിൽ ഛേത്രിയുടെ വിജയഗോൾ; ഇന്ത്യക്ക് ജയം

ckmnews


ഭുവനേശ്വർ ∙ ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള വനൗതുവിനെതിരെ വിയർത്തെങ്കിലും ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്കു ജയം (1–0). 80–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. രണ്ടാം ജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ മംഗോളിയയെ 2–0നു തോൽപിച്ചിരുന്നു.


പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ വ്യാഴാഴ്ച ലെബനനെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ. വലുപ്പത്തിലും ജനസംഖ്യയിലുമെല്ലാം തങ്ങളെക്കാൾ ഏറെ പിന്നിലുള്ള പസിഫിക് ദ്വീപുരാജ്യത്തിനെതിരെ കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ മാത്രമാണ് ഇന്ത്യയ്ക്കു ലക്ഷ്യം കാണാനായത്.

ഫിഫ റാങ്കിങ്ങിലും ഇന്ത്യയെക്കാൾ (101) പിന്നിലാണ് വനൗതു (164). 80–ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് സുഭാശിഷ് ബോസ് നൽകിയ പന്ത് നെഞ്ചു കൊണ്ട് നിയന്ത്രിച്ചെടുത്ത് തകർപ്പൻ ഷോട്ടിലൂടെയാണ് ഛേത്രി ലക്ഷ്യം കണ്ടത്. രാജ്യാന്തര ഫുട്ബോളിൽ ഇതോടെ ഛേത്രിക്ക് 86 ഗോളുകളായി. നേരത്തേ നടന്ന മത്സരത്തിൽ മംഗോളിയ ലെബനനെ ഗോൾരഹിത സമനിലയിൽ പിടിച്ചു.