28 June 2024 Friday

ഇന്ത്യയെ 209 റൺസിന് തകർത്ത് ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം

ckmnews


ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. 444 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 234 റൺസിൽ അവസാനിച്ചു. നാലു വക്കറ്റെടുത്ത നഥാൻ ലിയോണും മൂന്നു വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ന്യൂസിലാൻഡിനോടാണ് ഇന്ത്യ തോറ്റത്.


49 റൺസെടുത്ത വിരാട് കോഹ്ലിയും 46 റൺസെടുത്ത ആജിൻക്യ രഹാനെയും 43 റൺസെടുത്ത രോഹിത് ശർമ്മയും മാത്രമാണ് ഇന്ത്യൻ നിരയിൽ ചെറുത്തുനിന്നത്. ആദ്യ ഇന്നിംഗ്സിൽ 163 റൺസ് നേടി ഓസീസ് ജയത്തിന് അടിത്തറ പാകിയ ട്രെവിസ് ഹെഡാണ് മാൻ ഓഫ് ദ മാച്ച്.

അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 280 റൺസ് കൂടി നേടണമായിരുന്നു. എന്നാൽ വിരാട് കോഹ്‌ലിയെയും രവീന്ദ്ര ജഡേജയെയും നേരത്തെ പുറത്താക്കി ഓസ്‌ട്രേലിയയ്‌ക്ക് ജയത്തിലേക്കുള്ള വഴിയൊരുക്കിയത് ബൊളണ്ടായിരുന്നു. പിന്നീട് അജിൻക്യ രഹാനെയും ശ്രീകർ ഭരതും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസീസ് ബോളർമാർ ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തി.


മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 469 റൺസ് നേടാനായതാണ് ഓസീസിന് മേൽക്കൈ നേടിക്കൊടുത്തത്. മറുപടി ബാറ്റിങ്ങിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ പുകൾപെറ്റ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് സാധിച്ചതുമില്ല. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബോളർമാരുടെ വെല്ലുവിളി മറികടന്ന ഓസീസ് മികച്ച വിജയലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. രണ്ടുമാസത്തോളം നീണ്ട ഐപിഎല്ലിനുശേഷം റെഡ് ബോൾ ക്രിക്കറ്റിൽ മതിയായ പരിശീലനം തേടാതെ എത്തിയത് ഇന്ത്യയ്ക്ക് വിനയായെന്നാണ് ക്രിക്കറ്റ് വിദഗ്ദർ വിലയിരുത്തുന്നത്. ഓവലിലെ പേസ് ബോളിങിന് അനുകൂലമായ പിച്ചും ഇന്ത്യയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു.