28 June 2024 Friday

പി എസ് ജിയില്‍ മെസിക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം, റാമോസും പാരീസ് വിടുന്നു

ckmnews


പാരീസ്: ലിയോണൽ മെസിയുടെ സമ്പന്ന ഫുട്ബോൾ ജീവിതത്തിലെ പാരിസ് അധ്യായത്തിന് ഇന്ന് അവസാനം. ഫ്രഞ്ച് ക്ലബ് പി എസ് ജിയിൽ ലിയോണൽ ലിയോണല്‍ മെസി ഇന്ന് വിടവാങ്ങൽ മത്സരം കളിക്കും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ ക്ലെർമോണ്ട് ഫൂട്ടാണ് പിഎസ്‌ജിയുടെ എതിരാളികൾ. പിഎസ്ജിയുടെ സ്വന്തം തട്ടകത്തിലാണ് മെസിയുടെ വിടവാങ്ങൾ മത്സരം.


2021ൽ രണ്ടുവർഷ കരാറിലാണ് ബാഴ്സലോണയിൽ നിന്ന് മെസി പിഎസ്‌ജിയിൽ എത്തിയത്. ഒരുവർഷത്തേക്ക് കൂടി കരാർ നീട്ടാമെന്ന ഉപാധി ഉണ്ടായിരുന്നെങ്കിലും ക്ലബിൽ തുടരുന്നില്ലെന്ന് മെസി തീരുമാനിക്കുകയായിരുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപിച്ച് അർജന്‍റീന കിരീടം നേടിയതോടെ പി എസ് ജി ആരാധകരിൽ ഒരുവിഭാഗം മെസിക്കെതിരെ തിരിഞ്ഞു. ഇതാണ് മെസ്സി പി എസ് ജി വിടാനുള്ള പ്രധാനകാരണം.

പാരിസ് ക്ലബിനായ 47 മത്സരത്തിൽ ബൂട്ടുകെട്ടിയ മെസ്സി 32 ഗോളും 34 അസിസ്റ്റും നേടിയിട്ടുണ്ട്. ആദ്യ സീസണിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ലെങ്കിലും ഇക്കുറി 20 ഗോളും 21 അസിസ്റ്റും സ്വന്തമാക്കാൻ മെസിക്ക് കഴിഞ്ഞു. പിഎസ്‌ജി കാലത്താണ് മെസി തന്‍റെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് വിജയം സാക്ഷാത്കരിച്ചത്. കഴിഞ്ഞ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരവും സ്വന്തമാക്കി.പി എസ് ജിയുടെ രണ്ട് ലീഗ് വൺ കിരീടനേട്ടത്തിൽ പങ്കാളിയായ മെസി അടുത്ത സീസണിൽ ഏത് ക്ലബിൽ കളിക്കുമെന്നാണിപ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബാഴ്സലോണയിലേക്ക് മടങ്ങാനാണ് മെസിക്ക് താൽപര്യമെങ്കിലും ക്ലബിന്‍റെ സാമ്പത്തിക പ്രതിസന്ധി തടസ്സമായി തുടരുന്നു. സൗദി ക്ലബ് അൽ ഹിലാലും അമേരിക്കൻ ക്ലബ് ഇന്‍റർ മയാമിയും പ്രീമിയർ ലീഗ് ക്ലബുകളും മെസിക്കായി രംഗത്തുണ്ട്.


അതേസമയം, മെസിക്കൊപ്പം പി എസ് ജിയില്‍ എത്തിയ സ്പാനിഷ് പ്രതിരോധനിരതാരം സെര്‍ജോ റാമോസും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. സീസണൊടുവില്‍ പി എസ് ജി വിടുന്ന റാമോസ് സൗദി ലീഗിലെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 2021-22 സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നാണ് റാമോസ് പി എസ് ജിയില്‍ എത്തിയത്.