28 June 2024 Friday

'ചാമ്പ്യൻസ്' ഏഴാം യൂറോപ്പ കിരീടം സ്വന്തമാക്കി സെവിയ്യ

ckmnews


ഹംഗറിയിലെ ബുഡാപെസ്റ്റ് ഇന്നലെ സാക്ഷ്യം വഹിച്ചത് യൂറോപ്പിലെ ഏറ്റവും വലിയൊരു പോരാട്ടത്തിനാണ്. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രണ്ടാം നിരയിലുള്ള വൻകര ചാമ്പ്യന്ഷിപ് ആണെങ്കിലും ഇന്നലത്തെ മത്സരത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ടായിരുന്നു. യൂറോപ്പ ലീഗിൽ ഇതിന് മുൻപ് കടന്ന ആറ് ഫൈനലുകളും ജയിച്ച് കിരീടമുയർത്തിയ സെവിയ്യ ഒരു ഭാഗത്തും യൂറോപ്യൻ ഫൈനലുകളിൽ ഒരിക്കൽ പോലും പരാജയം അറിയാത്ത ‘ ദി സ്പെഷ്യൽ വൺ’ ജോസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന റോമ മറുഭാഗത്തും. സ്പാനിഷ് ല ലിഗയിൽ തരം താഴ്ത്തൽ ഭീഷണി പല തവണ നേരിട്ട, ഈ സീസണിൽ മൂന്നാമത്തെ പരിശീലകനിൽ എത്തിനിൽക്കുന്ന സെവിയ്യക്ക് എതിരെ റോമയുടെ വിജയമായിരുന്നു ഫുട്ബോൾ ലോക്സം ഇന്നലെ കാത്തിരുന്നത്. എന്നാൽ, പോരാട്ടവീര്യം മാത്രം കൈമുതലായ സെവിയ്യ, യൂറോപ്പ ലീഗ് തങ്ങളുടെ മാത്രം ടൂർണമെന്റ് ആണെന്ന് അടിവരയിട്ട് പറയുന്നതാണ് പിന്നീട് കളിക്കളത്തിൽ കണ്ടത്.കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് റോമക്ക് ജയിക്കാൻ സാധിച്ചത്. ലീഗിൾ ആറാമതായി സീസൺ അവസാനിപ്പിച്ച ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിനുള്ള ഏക മാർഗമായിരുന്നു ഇന്നലത്തെ ടൂർണമെന്റ്. മത്സരം തുടങ്ങി ആദ്യ പ്രഹരം റോമയുടേതായിരുന്നു. പരുക്ക് മുക്തമായി കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീനിയൻ താരം പോളോ ഡിബാലയിലൂടെ 34 -ാം മിനുട്ടിൽ റോമ മത്സരത്തിൽ മുന്നിലെത്തി. എന്നാൽ, ഈ ലീഡ് മാത്രം കൈവശം വെച്ച മത്സരം മുന്നോട്ട് കൊണ്ടുപോകുന്നത് അപകടമാണെന്ന് മൗറിഞ്ഞോക്ക് അറിയാമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നത് വരെയും ലീഡ് തുടർന്ന ടീമിന് രണ്ടാം പകുതിയിൽ പിഴച്ചു.


രണ്ടാം പകുതിയിൽ മത്സരം സെവിയ്യയുടെ കാലുകളിലായിരുന്നു. സെവിയ്യ താരം ജീസസ് നവാസ് ബോക്സിലേക്ക് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ശ്രമിച്ച റോമ താരം ജിയാൻലൂക്ക മാൻസിനിക്ക് പിഴച്ചു. മാൻസിനിയുടെ ദേഹത്ത് തട്ടി പന്ത് വലയിലേക്ക്. മത്സരം സമനിലയിൽ. പിന്നീട്, കളിക്കളത്തിന് അകത്തും പുറത്തും ഇന്നലെ പോരാട്ടങ്ങൾ നടന്നു. മഞ്ഞക്കാർഡുമായി റഫറി ആന്റണി ടെയ്‌ലർ ഗ്രൗണ്ടിന് ചുറ്റും ഓടി നടന്നു. പിറന്നത് 14 മഞ്ഞക്കാർഡുകൾ. മുഴുവൻ സമയത്തും അധിക സമയത്തും സമനില പാലിച്ച മത്സരം പെനാൽറ്റിയിലേക്ക്. പെനാൽറ്റിയിലേക്ക് മത്സരം നീങ്ങിയപ്പോൾ കാണികളുടെ കണ്ണുകൾ ഒരാളിലേക്ക് ആയിരുന്നു. സെവിയ്യയുടെ മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബൗനു. ലോകകപ്പിൽ നിർണായകമായ പെനാൽറ്റികൾ തടുത്തിട്ട് സ്പെയിനിനെ നാട്ടിലേക്ക് മടക്കി അയച്ച യാസിൻ ബൗനു, യൂറോപ്പ ലീഗിലും സമാന പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.സെവിയ്യയുടെ ലൂക്കാസ് ഒകംബോസും എറിക് ലാമേളയും ഇവാൻ റാകിറ്റിച്ചും ഗോൺസാലോ മോണ്ടിയൽ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ റോമ നിരയിൽ അതിന് സാധിച്ചത് ബ്രൈൻ ക്രിസ്റ്റന്റെക്ക് മാത്രമായിരുന്നു. മാൻസിനിയുടെ പെനാൽറ്റി ബൗനു രക്ഷപ്പെടുത്തിയപ്പോൾ റോബേർ ഇബാനേഴിന്റെത് ലക്ഷ്യം കണ്ടില്ല. നാടകീയതകൾക്ക് ശേഷം സേവിയ്ക്ക് വേണ്ടി മോണ്ടിയൽ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചതോടെ ഏഴാം യൂറോപ്പ കിരീടം സെവിയ്യയുടെ മണ്ണിലേക്ക്.