28 June 2024 Friday

പ്രീമിയര്‍ ലീഗ്; അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ബ്രെന്റ്ഫോഡ്

ckmnews


,ലണ്ടൻ∙ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് ബ്രെന്റ്ഫോഡ്. നിര്‍ണായക ജയത്തോടെ എവര്‍ട്ടന്‍ തരംതാഴ്ത്തലില്‍ നിന്ന് രക്ഷപെട്ടപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും ലീഡ്സ് യുണൈറ്റും പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആര്‍സനലും ജയംസ്വന്തമാക്കി. എട്ടുഗോള്‍ ത്രില്ലറില്‍ ലിവര്‍പൂള്‍ സൗത്താംപ്റ്റനെതിരെ സമനില വഴങ്ങി.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ഗൂഡിസന്‍ പാര്‍ക്ക് കയ്യേറി ആരാധകര്‍. അവസാന മല്‍സരത്തിലെ ജയത്തോടെ തരംതാഴ്ത്തലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് എവര്‍ട്ടന്‍. ബോ‍ണ്‍മത്തിനെതിരായ ജയം 1–0ന്. എവര്‍ട്ടന്റെ ജയത്തോടെ ലെസ്റ്റര്‍ സിറ്റിയും ലീഡ്സ് യുണൈറ്റഡും ചാംപ്യന്‍ഷിപ്പ് ഡിവിഷനിലേയ്ക്ക് പതിച്ചു.ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അവസാന ദിനം ഞെട്ടിച്ചത് ബ്രെന്റ്ഫോഡ്. 85-ാം മിനിറ്റില്‍ ഈഥന്‍ പിന്നോക്കിന്റെ വക വിജയഗോള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്ളമിനെ 2–1ന് തോല്‍പിച്ചു. തുടക്കത്തിലെ ലീഡ് വഴങ്ങിയ യുണൈറ്റഡിനായി പെനല്‍റ്റി തടുത്ത് ഡേവിഡ് ഡെഹെയ രക്ഷകനായി. ജേഡന്‍ സാഞ്ചോയും ബ്രൂണോ ഫെര്‍ണാണ്ടസുമായി യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ആര്‍സനല്‍ വോള്‍വര്‍ഹാംപ്റ്റനെ 5–0നും തോല്‍പ്പിച്ചു. അവസാന സ്ഥാനക്കാരായ സതാംപ്റ്റന്‍ ലിവര്‍പൂളിനെ 4–4ന് സമനിലയില്‍ പിടിച്ചു. തരംതാഴ്ത്തപ്പെട്ട സതാംപ്റ്റന്റെ അവസാന പ്രീമിയര്‍ ലീഗ് മല്‍സരമായിരുന്നു.