28 June 2024 Friday

ഐപിഎൽ എലിമിനേറ്ററിൽ ഇന്നു മുംബൈ ഇന്ത്യൻസ്–ലക്നൗ സൂപ്പർ ജയന്റ്സ്നെ നേരിടും

ckmnews


ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ പ്ലേഓഫിലെത്തിയെങ്കിലും ഇനി അതിന് അവസരമില്ല എന്ന് ഐപിഎലിൽ അഞ്ചു തവണ ചാംപ്യൻമാരായിട്ടുള്ള മുംബൈയ്ക്കറിയാം. എലിമിനേറ്റർ മത്സരത്തിൽ ഇന്ന് അവർക്കു മുന്നിൽ നിൽക്കുന്നത് 2 സീസൺ മാത്രം പ്രായമുള്ള ലക്നൗ സൂപ്പർ ജയന്റസാണ്. പക്ഷേ 2 സീസണിലും അവർ പ്ലേ ഓഫിലെത്തി. കഴിഞ്ഞ തവണ ഇതേഘട്ടത്തിൽ ബാംഗ്ലൂരിനോടു തോറ്റു പോയതിന്റെ സങ്കടം മറക്കാനാണ് ലക്നൗ ഇറങ്ങുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ജയിക്കുന്ന ടീം പ്ലേഓഫ് രണ്ടാം ക്വാളിഫയറിനു യോഗ്യത നേടും. തോൽക്കുന്ന ടീം പുറത്താകും.

ബാറ്റിങ് നിരയുടെ ഉജ്വലമായ ഉയിർത്തെഴുന്നേൽപ്പാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം പകുതിയിൽ മുംബൈയ്ക്കു കുതിപ്പേകിയത്. അതിന്റെ അമരക്കാരൻ ട്വന്റി20യിലെ ലോക ഒന്നാം നമ്പർ താരം സൂര്യകുമാർ യാദവ് തന്നെ. ഒരു സെഞ്ചറിയും 4 അർധ സെഞ്ചറികളും സഹിതം 511 റൺസാണ് സൂര്യ ഇതുവരെ നേടിയത്. ഇഷൻ കിഷൻ (439 റൺസ്), രോഹിത് ശർമ (313), കാമറൂൺ ഗ്രീൻ (381) എന്നിവരും കൂടി ചേരുമ്പോൾ മുംബൈ ടോപ് ഓർഡർ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ചതാകുന്നു. ജസ്പ്രീത് ബുമ്ര, ജോഫ്ര ആർച്ചർ എന്നിവരെ പരുക്കു മൂലം നഷ്ടമായതോടെ ബോളിങ്ങിൽ പരാധീനതകളുണ്ടായിരുന്ന മുംബൈയ്ക്ക് അപ്രതീക്ഷിത ഹീറോയെയാണ് പിന്നീടു കിട്ടിയത്. 20 വിക്കറ്റെടുത്തു നിൽക്കുന്ന സ്പിന്നർ പീയുഷ് ചൗള. പേസർമാരിൽ ജെയ്സൻ ബെഹ്റൻഡ്രോഫ് (14) ആണ് മുന്നിൽ.പരുക്കു മൂലം ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ നഷ്ടമായിട്ടും പ്ലേഓഫിലെത്താനായതാണ് ലക്നൗവിന് ആത്മവിശ്വാസം നൽകുന്ന കാര്യം. മാർക്കസ് സ്റ്റോയ്നിസ് (368 റൺസ്), കൈൽ‌ മെയേഴ്സ് (361), നിക്കോളാസ് പുരാൻ (358) എന്നിവർ അവസരത്തിനൊത്ത് ഉയർന്നതാണ് അവർക്കു തുണയായത്. ബോളിങ്ങിൽ ചെന്നൈയിലെ സ്ലോ പിച്ചിൽ ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യയ്ക്ക് വിശ്വസിക്കാവുന്ന ഒരാൾ ടീമിലുണ്ട്– 16 വിക്കറ്റുകളുമായി നി‍ൽക്കുന്ന ലെഗ് സ്പിന്നർ രവി ബിഷ്ണോയി. പേസർമാരായി മൊഹ്സിൻ ഖാൻ, മാർക് വുഡ്, നവീൻ ഉൽ ഹഖ്, ആവേശ് ഖാൻ എന്നിവരുണ്ട് ടീമിൽ.