28 June 2024 Friday

ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് പത്താം ഐപിഎൽ ഫൈനലിൽ

ckmnews


ചെന്നൈ: നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് കീഴടക്കി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ഫൈനലിലെത്തി. ചെന്നൈ ഇത് പത്താം തവണയാണ് ഐപിഎൽ കലാശപ്പോരിന് യോഗ്യത നേടുന്നത്. ചെന്നൈ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഗുജറാത്തിന്‍റെ പോരാട്ടം 20 ഓവറിൽ 157 റൺസിന് അവസാനിക്കുകയായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ചെന്നൈ വിജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ചെന്നൈ സൂപ്പർകിങ്സ് നിശ്ചിത 20 ഓവറിൽ ഏഴിന് 172 റൺസ് നേടുകയായിരുന്നു. 44 പന്തിൽ 60 റൺസെടുത്ത രുതുരാജ് ഗെയ്ക്ക് വാദും 34 പന്തിൽ 40 റൺസെടുത്ത ഡെവൻ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു.ചെന്നൈ ഇന്നിംഗ്സിൽ അജിൻക്യ രഹാനെ(17), അമ്പാട്ടി റായിഡു(17), രവീന്ദ്ര ജഡേജ(22) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മൊയിൻ അലി 9 റൺസെടുത്ത് പുറത്താകാതെ നിന്നു. ഗുജറാത്തിനുവേണ്ടി മൊഹമ്മദ് ഷമിയും മോഹിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങിൽ ഇൻ ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലും പതിവുപോലെ കത്തിക്കയറി. എന്നാൽ മറ്റ് ബാറ്റ്സ്മാൻമാർക്ക് ബിഗ് ഇന്നിംഗ്സ് കളിക്കാനാകാതെ ചെന്നൈ ബോളർമാർ പൂട്ടി. ഗിൽ 42 റൺസെടുത്ത് പുറത്തായി. ഓപ്പണർ വൃദ്ധിമാൻ സാഹ 12 റൺസും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ എട്ട് റൺസും ശനക 17 റൺസും വിജയ് ശങ്കർ 14 റൺസും നേടി പുറത്തായി.അവസാന ഓവറുകളിൽ റാഷിദ് ഖാൻ ആഞ്ഞടിച്ചെങ്കിലും അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകാൻ ആരുമില്ലാതിരുന്നത് ഗുജറാത്തിന് തിരിച്ചടിയായി. വെറും 16 പന്തിൽനിന്ന് 30 റൺസെടുത്താണ് റാഷിദ് ഖാൻ പുറത്തായത്. ചെന്നൈയ്ക്കുവേണ്ടി പന്തെറിഞ്ഞ ബോളർമാരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തി. ദീപക് ചഹാർ, മഹേഷ് തീഷ്ണ, രവീന്ദ്ര ജഡേജ, മതീഷ പതിരണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ക്വാളിഫയറിലെത്തിയ ഗുജറാത്തിന് ചെന്നൈയോട് തോറ്റെങ്കിലും ഫൈനലിലെത്താൻ ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന എലിമിനേറ്റർ പോരാട്ടത്തിൽ ജയിക്കുന്ന ടീമുമായാണ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് കളിക്കും. മുംബൈും ല്കനോവും തമ്മിലാണ് എലിമിനേറ്റർ മത്സരം. ഞായറാഴ്ചയാണ് ഐപിഎൽ ഫൈനൽ പോരാട്ടം.