28 June 2024 Friday

ഐപിഎല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മാറ്റുരക്കും

ckmnews



കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ നിര്‍ണായക പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മാറ്റുരക്കും. വൈകീട്ട് ഏഴരയ്ക്ക് ഈഡൻ ഗാർഡൻസിലാണ് മത്സരം. ദീര്‍ഘകാലം കൊല്‍ക്കത്തയെ നയിക്കുകയും രണ്ട് തവണ കിരീടം സമ്മാനിക്കുകയും ചെയ്ത ഗൗതം ഗംഭീറിന് കീഴിലാണ് ലഖ്നൗ നിര്‍ണായ പോരാട്ടത്തിന് കൊല്‍ക്കത്തയില്‍ ഇറങ്ങുന്നത്.


ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയെ വീഴ്ത്തിയാൽ ലഖ്നൗവിന് പ്ലേഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാം. എന്നാല്‍ തോറ്റാല്‍ പിന്നെ മുംബൈ ഇന്ത്യന്‍സോ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരോ അവസാന മത്സരത്തില്‍ തോല്‍ക്കാനായി കാത്തിരിക്കണം. ജയിച്ചാല്‍ ആദ്യ രണ്ടിലൊന്നായി ഫിനിഷ് ചെയ്യാനുള്ള സാധ്യതയും ലഖ്നൗവിന് മുന്നിലുണ്ട്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ മികവില്‍ തുടര്‍ച്ചയായി രണ്ട് ജയം നേടിയാണ് ലഖ്നൗ കൊല്‍ക്കത്തയില്‍ ഇറങ്ങുന്നത്

എന്നാല്‍ വെറും വഴി മുടക്കികളാവാനാല്ല കൊല്‍ക്കത്ത ഇറങ്ങുന്നത്. ഭാഗ്യം തുണച്ചാല്‍ അവര്‍ക്കും പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. പക്ഷെ അതിന് വെറും ജയം മാത്രം പോര. എതിരാളികളെ നെറ്റ് റണ്‍റേറ്റിലും പിന്നിലാക്കാന്‍ പോന്ന വമ്പന്‍ ജയം തന്നെ വേണം അവര്‍ക്ക്.

ഇത്തവണ കൊൽക്കത്തയ്ക്ക് പക്ഷെ ഈഡൻ ഗാർഡൻസ് ഭാഗ്യമൈതാനമല്ല. സീസണിലെ ഏഴ് തോൽവിയിൽ നാലും സ്വന്തംകാണികൾക്ക് മുന്നിലായിരുന്നു. ലീഗ് റൗണ്ടിലെ അവസാന മത്സരമായിട്ടും ബാറ്റിംഗിൽ പരീക്ഷണം ഇപ്പോഴും തുടരുന്നു. പേസർമാരിൽ പരിചയസമ്പത്തുള്ളവരില്ല. ഫീൽഡിംഗിലെ പിഴവുകൾക്കും കൊൽക്കത്ത വലിയ വില നൽകേണ്ടിവന്നു.

കൊൽക്കത്തയുടെ ഫുട്ബോൾ ആവേശമായ മോഹൻ ബഗാന്‍റെ ജേഴ്സിയണിഞ്ഞ് ലഖ്നൗ ഇറങ്ങുമ്പോൾ ആവേശം പൊടിപാറും.മുംബൈയെ തോൽപ്പിച്ച ആവേശവുമായാണ് ലഖ്നൗ എത്തുന്നത്. കെ.എൽ.രാഹുലിന് പകരം ക്യാപ്റ്റൻസിയേറ്റെടുത്ത ക്രുനാൽ പാണ്ഡ്യ നായക മികവും മത്സരത്തിൽ നിർണായകമായി. സന്തുലിതമായ ടീമെന്നത് ലഖ്നൗവിന് കരുത്താകും. നേർക്കുനേർ പോരിൽ കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും ജയം ലഖ്നൗവിനൊപ്പമായിരുന്നു.