28 June 2024 Friday

ലിവിങ്സ്റ്റന്റെ അടിയിലും ‘ലൈഫ്’ കിട്ടാതെ പഞ്ചാബ്;ഡൽഹിയോട് 15 റൺസ് തോൽവി

ckmnews


ധരംശാല∙ ലിയാം ലിവിങ്സ്റ്റന്റെ ഒറ്റയാൾ പ്രകടനത്തിനും അവസാന ഓവറിലെ ‘നോബോൾ’ ഭാഗ്യത്തിനും പഞ്ചാബ് കിങ്സിന് ഐപിഎലിൽ ‘ലൈഫ്’ തിരിച്ചുകൊടുക്കാനായില്ല. ഡൽഹി ക്യാപ്റ്റൽസിനെതിരായ മത്സരത്തിൽ 15 റൺസിനാണ് പഞ്ചാബിന്റെ തോൽവി. ഡൽഹി ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ്, 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചു. ഇതോടെ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യത മങ്ങി. 13 മത്സരങ്ങളിൽനിന്ന 12 പോയിന്റുള്ള പഞ്ചാബ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്. വെള്ളിയാഴ്ച രാജസ്ഥാനെതിരായ മത്സരത്തിൽ വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചിരിക്കും പഞ്ചാബിന്റെ ഭാവി.

മറുപടി ബാറ്റിങ്ങിൽ, തകർച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ശിഖർ ധവാനെ (പൂജ്യം) ഇഷാന്ത് ശർമ പുറത്താക്കി. രണ്ടാം ഓവറിൽ പ്രഭ്‌സിമ്രാൻ സിങ്ങും (19 പന്തിൽ 22), അഥർവ തെയ്‌ഡെയും (42 പന്തിൽ 55) ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിൽ അക്‌സർ പട്ടേലാണ് പ്രഭ്സിമ്രാനെ പുറത്താക്കിയത്. പിന്നീട്, ലിയാ ലിവിങ്സ്റ്റൻ (48 പന്തിൽ 94) ക്രീസിലെത്തിയതോടെയാണ് പഞ്ചാബിനു വിജയപ്രതീക്ഷ കൈവന്നത്. 9 സിക്സും അ‍ഞ്ചും ഫോറും അടങ്ങുന്നതായിരുന്നു ലിവിങ്സ്റ്റന്റെ ഇന്നിങ്സ്. അവസാന ഓവർ വരെ ലിവിങ്സ്റ്റൻ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. അവസാന ഓവറിൽ 33 റൺസ് വേണ്ടിയിരുന്നെങ്കിലും 17 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ടൂർണമെന്റിൽനിന്നു പുറത്തായതിന്റെ കലിപ്പ് ‍ഡൽഹി ബാറ്റർമാർ പഞ്ചാബ് ബോളർമാരോടാണ് തീർത്തത്!. ആദ്യം ബാറ്റു ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 213 റൺസെടുത്തത്. ഡൽഹിക്കായി ബാറ്റിങ്ങിനിറങ്ങിയ എല്ലാവരും തിളങ്ങി. 37 പന്തിൽ 82 റൺസെടുത്ത് റിലീ റൂസോ, 38 പന്തിൽ 54 റൺസെടുത്ത പൃഥ്വി ഷാ എന്നിവരാണ് പഞ്ചാബ് ബോളർമാക്ക് കൂടുതൽ പ്രഹരമേൽപ്പിച്ചത്. ക്യാപ്റ്റൻ ഡേവിഡ് വാർണർ (31 പന്തിൽ 46), ഫിലിപ് സോൾട്ട് (41 പന്തിൽ 26*) എന്നിങ്ങനെയാണ് മറ്റു രണ്ടു പേരുടെ സ്കോറുകൾ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ വാർണറും പൃഥ്വി ഷോയും ചേർന്ന് 94 റൺസ് കൂട്ടിച്ചേർത്തു. രണ്ടു സിക്സും അഞ്ചു ഫോറും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. പൃഥ്വി ഷാ ഒരു സിക്സും ഏഴും ഫോറും അടിച്ചു. 11–ാം ഓവറിൽ വാർണറിനെ പുറത്താക്കി സാം കറനാണ് കൂട്ടുകെട്ട് പൊളിച്ചത്.


പിന്നീട്, റിലീ റൂസോ ക്രീസിലെത്തിയതോടെ ഡൽഹി സ്കോർ കൂടുതൽ വേഗത്തിൽ കുതിച്ചു. ആറു സിക്സും ആറു ഫോറുമാണ് റൂസോയും ബാറ്റിൽനിന്നു പിറന്നത്. 15–ാം ഓവറിൽ പൃഥ്വി ഷാ പുറത്തായെങ്കിലും പിന്നീടെത്തിയ ഫിലിപ് സോൾട്ടും റൂസോയ്ക്ക് ഉറച്ച പിന്തുണ നൽകി. അവസാന മൂന്ന് ഓവറിൽ മാത്രം 51 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.