28 June 2024 Friday

പഞ്ചാബിന് ഇന്ന് ഡല്‍ഹി ചാലഞ്ച്; ഡല്‍ഹി ജയിച്ചാല്‍ രാജസ്ഥാനും പ്രതീക്ഷ

ckmnews



ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ പഞ്ചാബ് കിംഗ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് ധരംശാലയില്‍ നടക്കുന്ന കളിയിൽ ഡൽഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. 12 കളിയിൽ 12 പോയന്‍റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചെങ്കിലും മാനം കാക്കാനാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്.


കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ അവരുടെ മൈതാനത്ത് 31 റണ്‍സിന് പഞ്ചാബ് തോൽപ്പിച്ചിരുന്നു. ജയമാവര്‍ത്തിക്കാൻ ശിഖര്‍ ധവാനും സംഘവും ഇറങ്ങുമ്പോൾ വഴി മുടക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്കും കൂട്ടര്‍ക്കും കഴിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവതാരം പ്രബ്സിമ്രന്‍റെ സെഞ്ച്വറിയാണ് കഴിഞ്ഞ കളിയിൽ പഞ്ചാബിനെ സഹായിച്ചത്. ക്യാപ്റ്റൻ ശിഖര്‍ ധവാനും ലിയാം ലിവിംഗ്സ്റ്റണും,ജിതേഷ് ശര്‍മ്മയുമെല്ലാം താളം കണ്ടെത്തിയാൽ ബാറ്റിംഗിൽ പഞ്ചാബിന് ആശങ്ക വേണ്ട.

സാം കറനും, അര്‍ഷദീപ് സിംഗും നേതൃത്വം നൽകുന്ന ബൗളിംഗ് നിരയുടേത് തരക്കേടില്ലാത്ത പ്രകടനമായിരുന്നു സീസണിൽ. ബാറ്റിംഗ് നിര ചതിച്ചതാണ് ഡൽഹിയെ പുറത്തേക്കടിച്ചത്. ഡേവിഡ് വാര്‍ണര്‍, ഫിൽ സാൾട്ട് എന്നിവരുടെ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ആശ്വാസം. ഇന്ത്യൻ ബാറ്റര്‍മാരല്ലൊം നിരാശപ്പെടുത്തി. വെറ്ററൻ പേസര്‍ ഇഷാന്ത് ശര്‍മ്മയുടേ നേതൃത്വത്തിലുള്ള ബൗളിംഗ് നിര തരക്കേടില്ലാതെ പന്തെറിയുന്നുണ്ട്. അക്സര്‍ പട്ടേലിന്റെ ഓൾറൗണ്ട് പ്രകടനമാണ് സീസണിൽ ഓര്‍ത്ത് വയ്ക്കാനുള്ളത്. പുറത്തേക്ക് പോകുന്ന ഡൽഹിയെ പഞ്ചാബിന്റെ വഴിമുടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

പഞ്ചാബ്-ഡല്‍ഹി മത്സരഫലം പ്ലേ ഓഫ് സാധ്യതയുള്ള രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ക്കും നിര്‍ണായകമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹി ജയിക്കുന്നത് പോയന്‍റ് പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ല.എന്നാല്‍ പഞ്ചാബാണ് ജയിക്കുന്നതെങ്കില്‍ 14 പോയന്‍റുമായി അവര്‍ രാജസ്ഥാനെയും ആര്‍സിബിയെയും കൊല്‍ക്കത്തയെയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തും. ഇതോടെ പഞ്ചാബിനെതിരായ രാജസ്ഥാന്‍റെ അവസാന മത്സരം നിര്‍ണായകമാകുകയും ചെയ്യും.