28 June 2024 Friday

ചെന്നൈയെ അട്ടിമറിച്ച് കൊൽക്കത്ത; ഫിഫ്റ്റി അടിച്ച് നിതീഷും റിങ്കുവും

ckmnews


ചെന്നൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അട്ടിമറിച്ച് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 6 വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത 9 പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി.

നായകന്‍ നിതീഷ് റാണയുടെയും റിങ്കു സിങ്ങിന്റെയും അര്‍ധസെഞ്ചുറികളാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ഈ മത്സത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു

145 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 33 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റഹ്‌മാനുള്ള ഗുര്‍ബാസ് (1), വെങ്കടേഷ് അയ്യര്‍ (9), ജേസണ്‍ റോയ് (12) എന്നിവരാണ് പുറത്തായത്.

എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച റിങ്കു സിങ്-നിതീഷ് റാണ സഖ്യം കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 99 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി

റാണ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ റിങ്കു 54 റണ്‍സില്‍ റണ്‍ ഔട്ടായി. റസ്സല്‍ രണ്ട് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ആദ്യം ബാറ്റുചെയ്ത ചെന്നൈ 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. കൃത്യതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് ആതിഥേയരെ തളച്ചത്

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ഋതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 17 റണ്‍സെടുത്ത ഋതുരാജിനെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ഈ കൂട്ടുകെട്ട് പൊളിച്ചു.അവസാന ഓവറുകളിൽ ശിവം ദുബെയുടെ പരിശ്രമമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. മൂന്ന് ബോൾ മാത്രം ബാക്കി നിൽക്കെയാണ് ജഡേജ പുറത്തായത്. തുടർന്ന് ക്രീസിലിറങ്ങിയ ധോണിക്ക് രണ്ട് റൺസെ എടുക്കാനായുള്ളു. ഋതുരാജ് ഗൈക്‌വാഡ് –17, ഡെവോൺ കോൺവെ –30, അജങ്ക്യ രഹാനെ –16, അമ്പാട്ടി റായിഡു –4, മൊയീൻ അലി –1, ശിവം ദുബെ 48 (നോട്ടൗട്ട്), രവീന്ദ്ര ജഡേജ 20 എന്നിങ്ങനെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ റൺസ് നേട്ടം. ദീപക് ചാഹർ ആണ് കൊൽക്കത്തയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത്