28 June 2024 Friday

പഞ്ചാബി കരുത്തിൽ കിങ്സ്; ഡൽഹിയെ വീഴ്ത്തി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി

ckmnews


ന്യൂഡൽഹി: ഐപിഎല്ലിൽ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി പഞ്ചാബ് കിങ്സ്. പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ തകർപ്പൻ സെഞ്ചുറിയും ഇടംകൈയ്യന്‍ സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഡൽഹിയെ വീഴ്ത്തി പ്ലേഓഫിലേക്ക് അടുക്കാൻ പഞ്ചാബിനെ സഹായിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 31 റണ്‍സിനാണ് പഞ്ചാബ് ജയിച്ചത്.

പഞ്ചാബ് ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡൽഹി ക്യാപിറ്റൽസ് ഏഴാം ഓവറില്‍ 69/0 എന്ന മികച്ച നിലയിലേക്ക് എത്തിയിരുന്നു. പക്ഷേ ബ്രാറിന്‍റെ സ്പിൻ മാജിക് കളിയുടെ ഗതിയാകെ മാറ്റിക്കളയുകയായിരുന്നു. നാല് വിക്കറ്റ് നേടി ബ്രാർ ഡൽഹിയുടെ മുന്നേറ്റനിരയെയും മധ്യനിരയെയും തകർത്തു. ഇതോടെ ഡല്‍ഹി 20 ഓവറിൽ എട്ടിന് 136 എന്ന നിലയിൽ പരാജയം സമ്മതിക്കുകയായിരുന്നു

സ്പിന്നിനെ തുണച്ച ട്രാക്കിൽ പഞ്ചാബിന് വേണ്ടി ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ രണ്ട് വിക്കറ്റ് നേടി. 27 പന്തില്‍ 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഡിസിയുടെ ടോപ് സ്കോറര്‍.നേരത്തെ, പ്രഭ്‌സിമ്രാന്റെ തകർപ്പൻ സെഞ്ച്വറിയാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ ഏഴിന് 167 റൺസാണ് പഞ്ചാബ് നേടിയത്. 65 പന്തില്‍ 103 റൺസെടുത്ത പ്രഭ്‌സിമ്രാൻ 10 ബൗണ്ടറികളും ആറ് സിക്‌സറുകളും പറത്തി. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ്മ രണ്ടു വിക്കറ്റ് നേടി.നിലവിൽ 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുള്ള പഞ്ചാബ് ആറാം സ്ഥാനത്താണ്. അടുത്ത മത്സരങ്ങളിൽ ജയിക്കാനായാൽ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാനാകും. അതേസമയം 12 കളികളിൽ 8 പോയിന്‍റുള്ള ഡൽഹി അവസാന സ്ഥാനത്ത് തുടരുകയാണ്.