28 June 2024 Friday

'സൂര്യ'ശോഭയോടെ ഗുജറാത്തിനെ മലര്‍ത്തിയടിച്ച് മുംബൈ; പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി രോഹിത്തും കൂട്ടരും

ckmnews


ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിനെ 27 റണ്‍സിന് തകര്‍ത്താണ് മുംബൈ പോയന്റ് പട്ടികയില്‍ രാജസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ കന്നി ഐപിഎല്‍ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിരുന്നു. 49 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ആരാധകരുടെ സ്കൈ നേടിയത്. ആറ് സിക്‌സും 11 ഫോറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മുംബൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ റാഷിദ് ഖാന്റെ പ്രകടനമാണ് ഗുജറാത്തിന്റെ തോല്‍വി ഭാരം കുറച്ചത്. തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ച റാഷിദ് 32 പന്തില്‍ നിന്ന് 10 സിക്‌സും മൂന്ന് ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.

26 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 41 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍, 14 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത വിജയ് ശങ്കര്‍ എന്നിരാണ് റാഷിദിനെ കൂടാതെ ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

20 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 30 റണ്‍സെടുത്ത മലയാളി താരം വിഷ്ണു വിനോദും മികച്ച പ്രകടനം പുറത്തെടുത്തു. നാലാം വിക്കറ്റില്‍ സൂര്യ - വിഷ്ണു സഖ്യം 65 റണ്‍സാണ് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്

20 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ഇഷാന്‍ കിഷനും 18 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് മുംബൈക്കായി മികച്ച തുടക്കം തന്നെ സമ്മാനിച്ചിരുന്നു. ഇരുവരും പുറത്തായ ശേഷം സൂര്യ ഒറ്റയ്ക്ക് മുംബൈ ഇന്നിങ്‌സ് നയിച്ചു.നിലവിലെ ചാമ്പ്യന്മാരും പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ വിജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 12 മത്സരങ്ങളില്‍ നിന്നായി 7 വിജയവും 5 തോല്‍വിയും നേടി 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ മുംബൈ.