28 June 2024 Friday

ഐപിഎല്ലിലെ അതിവേഗ അർധ സെഞ്ചുറിയടിച്ച് ജയ്സ്വാൾ; രാജസ്ഥാന് രാജകീയ ജയം

ckmnews


കൊൽക്കത്ത: തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി രാജസ്ഥാൻ റോയൽസ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഈഡന്‍ ഗാര്‍ഡന്‍സില്‍ നേടിയ 9 വിക്കറ്റിന്റെ രാജകീയ ജയത്തോടെ 12 കളികളില്‍ നിന്ന് 12 പോയിന്റുമായി രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തെത്തി.

കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം വെറും 79 പന്തില്‍ രാജസ്ഥാന്‍ മറികടന്നു. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസന്റെയും ഇന്നിങ്‌സുകളാണ് രാജസ്ഥാന്‍ ജയം എളുപ്പമാക്കിയത്. ഐപിഎലിലെ വേഗമേറിയ അർധസെ‍ഞ്ചറി തികച്ച യശ്വസി ജയ്‌സ്വാൾ (47 പന്തിൽ 98*), ക്യാപ്റ്റൻ സഞ്ജു സാംസൺ‌ (29 പന്തിൽ 48*) എന്നിവരാണ് രാജസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത്. കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 41 പന്തുകളും ഒൻപത് വിക്കറ്റുകളും ബാക്കിയാക്കിയാണ് രാജസ്ഥാൻ മറികടന്നത്.

ആദ്യ പന്തിൽ തന്നെ ഗ്യാലറിയിലേക്ക് പന്ത് പായിച്ചുതുടങ്ങിയ ഓപ്പണർ യശ്വസി ജയ്‌സ്വാൾ പിന്നീട് ഇന്നിങ്സിൽ ഒരിക്കൽ പോലും വേഗത കുറച്ചില്ല. ആദ്യ ഓവറിൽ രണ്ടു സിക്സും മൂന്നു ഫോറും സഹിതം 26 റൺസാണ് ജയ്‌സ്വാൾ അടിച്ചുകൂട്ടിയത്

ഐപിഎലിൽ ആദ്യ ഓവറിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2011ൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 27 റൺസ് ഒന്നാം സ്ഥാനത്ത്.രണ്ടാം ഓവറിൽ ജോസ് ബട്ലർ (0) റണ്ണൗട്ടായെങ്കിലും രാജസ്ഥാൻ ഇന്നിങ്സിനെ അതു തെല്ലും ബാധിച്ചില്ല. മൂന്നാം ഓവറിൽ രാജസ്ഥാൻ സ്കോറും ജയ്സ്വാളിന്റെ വ്യക്തിഗത സ്കോറും 50 കടന്നു. 13 പന്തിൽനിന്നാണ് ജയ്‌സ്വാൾ അർധ സെഞ്ചുറി തികച്ചത്

ഐപിഎലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് ജയ്സ്വാൾ നേടിയത്. 2018ൽ ഡൽഹിക്കെതിരെ അന്ന് പഞ്ചാബ് താരമായിരുന്ന കെ എൽ രാഹുൽ 14 പന്തിൽനിന്നു നേടിയ അർധസെഞ്ചുറിയുടെ റെക്കോർഡാണ് ജയ്‌സ്വാൾ തിരുത്തിയത്.

ജയ്‌സ്വാളിന് ഉറച്ച പിന്തുണയോടെ ക്യാപ്റ്റൻ സഞ്ജുവും കളം നിറഞ്ഞതോടെ രാജസ്ഥാൻ സ്കോർ അതിവേഗം കുതിച്ചു. സഞ്ജു അഞ്ച് സിക്സും രണ്ടു ഫോറും അടിച്ചു.

ആദ്യം ബാറ്റു ചെയ്തു കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 149 റൺസെടുത്തത്. 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിന്റെ പ്രകടനമാണ് കൊൽക്കത്തയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്. ട്രെന്റ് ബോൾട്ട് 2 വിക്കറ്റും കെ എം ആസിഫ്, സന്ദീപ് ശർ‌മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.കൊൽക്കത്ത നിരയിൽ അർധസെ‍‍ഞ്ചുറി നേടിയ വെങ്കടേഷ് അയ്യർ (42 പന്തിൽ 57) മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ നിതീഷ റാണ 17 പന്തിൽ 22 റൺസ് നേടി.ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ പൂർത്തിയാകുന്നതിനു മുൻപു തന്നെ ഓപ്പണർമാരായ ജയ്സൻ റോയ് (8 പന്തിൽ 10), റഹ്മാനുള്ള ഗുർബാസ് (12 പന്തിൽ 18) എന്നിവരെ കൊൽക്കത്തയ്ക്ക് നഷ്ടമായി.മൂന്നാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ- നിതീഷ് റാണ കൂട്ടുകെട്ടാണ് കൊൽക്കത്തയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 48 റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു.