28 June 2024 Friday

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മിലാൻ ഡെർബി

ckmnews



ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയിൽ ഇന്ന് മിലാൻ ഡർബി. എ സി മിലാൻ രാത്രി പന്ത്രണ്ടയ്ക്ക് ഇന്‍റർ മിലാനെ നേരിടും. എ സി മിലാന്‍റെ തട്ടകമായ സാൻ സിറോയിലാണ് ആദ്യപാദ സെമിഫൈനൽ പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗ് പോരിൽ എ സി മിലാനും ഇന്‍റർ മിലാനും നേർക്കുനേർ വരുന്നത്. സീസണിൽ മിലാൻ വമ്പന്‍മാർ മുഖാമുഖം വരുന്ന നാലാമത്തെ പോര്. ഇറ്റാലിയന്‍ ലീഗായ സെരി എ യിൽ ഇരുടീമും ഓരോ ജയം നേടിയപ്പോൾ ഇറ്റാലിയൻ സൂപ്പർ കോപ്പയിൽ ജയം ഇന്‍ററിനൊപ്പമായിരുന്നു. നേർക്കുനേർ കണക്കിലും ഇന്‍ററിനാണ് മേൽക്കൈ. ഇന്‍റർ 87 കളിയിലും മിലാൻ 79 കളിയിലും ജയിച്ചു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മിലാനെ തോൽപിക്കാൻ ഒരിക്കൽപ്പോലും ഇന്‍ററിന് കഴിഞ്ഞിട്ടില്ല.


രണ്ട് കളിയിൽ മിലാൻ ജയിച്ചപ്പോൾ രണ്ട് കളി സമനിലയിൽ. മിലാനെതിരെ ഒറ്റ ഗോൾമാത്രമേ ഇന്‍ററിന് നാല് കളിയിൽ നേടാനായിട്ടുള്ളൂ. റൊമേലു ലുക്കാക്കു, ലൗറ്റാറോ മാർട്ടിനസ് കൂട്ടുകെട്ടിലൂടെ ഈ ഗോൾവരൾച്ച അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്‍റർ മിലാൻ. 2010ലാണ് ഇന്‍റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗിൽ ജേതാക്കാളായത്.