28 June 2024 Friday

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ, ജീവന്‍മരണപ്പോരാട്ടത്തിന് ഡല്‍ഹി

ckmnews


ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ചെന്നൈയിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താാനണ് ഡൽഹി ക്യാപിറ്റൽസ് ഇന്നിറങ്ങുന്നത്. 11 കളിയിൽ 13 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ. എട്ട് പോയന്‍റുള്ള ഡൽഹി അവസാന സ്ഥാനത്തും.


ഇനിയുള്ള നാലുകളിയും ജയിച്ചാലേ ഡൽഹിക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ. അവസാന രണ്ടുകളിയും ജയിച്ച ഡൽഹി അവസാനം കളിച്ച അഞ്ചില്‍ നാലു കളികളും ജയിച്ചു. ചെന്നൈയാകട്ടെ അവസാനം കളിച്ച അഞ്ച് കളികളില്‍ രണ്ടെണ്ണം തോറ്റപ്പോള്‍ ലഖ്നൗവിനെതിരായ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനായില്ല

പ്ലേ ഓഫ് ബെര്‍ത്തിനായി മൂന്ന് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളവര്‍ മത്സരിക്കുന്നതിനാല്‍ വെറും ജയമല്ല, റൺനിരക്ക് ഉയർത്തിയുള്ളൊരു വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ചെപ്പോക്കിൽ ഡല്‍ഹി ഇറങ്ങുന്നത്. പക്ഷെ ക്യാപ്റ്റൻ ഡേവിഡ് വാർണർ അടക്കമുള്ളവരുടെ സ്ഥിരതയില്ലായ്മ ഇപ്പോഴും ഡല്‍ഹിക്ക് മുമ്പില്‍ പ്രതിസന്ധിയായി തുടരുന്നു

ചെപ്പോക്കിലെ സ്ലോ പിച്ചില്‍ വമ്പന്‍ സ്കോറുയര്‍ത്തി ഡല്‍ഹിക്ക് ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കാവുമോ എന്ന് കണ്ടറിയണം. കാരണം, മുംബൈയുടെ ബാറ്റിംഗ് നിരയെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ 140ല്‍ പിടിച്ചുകെട്ടിയിരുന്നു. മോയിന്‍ അലി, ജഡേജ, തീക്ഷണ സ്പിന്‍ ത്രയത്തിലാകും ഇന്നും ചെന്നൈയുടെ പ്രതീക്ഷകള്‍.


സ്വന്തം കാണികൾക്ക് മുന്നിലേക്ക് എത്തുന്ന ചെന്നൈയ്ക്ക് ബാറ്റിംഗില്‍ അംബാട്ടി റായുഡുവിന്‍റെ മങ്ങിയഫോം മാറ്റിനിർ‍ത്തിയാൽ ആശങ്കയൊന്നുമില്ല. കോൺവേയും റുതുരാജും പ്രതീക്ഷിച്ച തുടക്കം നൽകുന്നുണ്ട്. അജിങ്ക്യ രഹാനെയും ശിവം ദുബേയും തകർത്തടിക്കുന്നു. പേസർ തുഷാർ ദേശ്പാണ്ഡേ 19 വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ മുന്‍നിരയിലുണ്ട്. നയിക്കാൻ ധോണിയുടെ തന്ത്രങ്ങൾ കൂടിയാവുമ്പോൾ സിഎസ്കെ ആരാധകർക്ക് പൂർണ പ്രതീക്ഷ. ഇരുടീമും 27 കളിയിൽ ഏറ്റുമുട്ടി. ചെന്നൈ 17ലും ഡൽഹി പത്തിലും ജയിച്ചു