28 June 2024 Friday

റയൽ മടയിൽ സിറ്റി ; ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് റയൽ മാഡ്രിഡിനോട്

ckmnews


മാഡ്രിഡ്‌ സാന്റിയാഗോ ബെർണബ്യൂവിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ നല്ല ഓർമകളില്ല. ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാദ സെമിയിൽ ഇന്ന്‌ റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ സിറ്റിയുടെ ഉള്ളിൽ നീറ്റലാണ്‌. കഴിഞ്ഞ സീസൺ രണ്ടാംപാദ സെമിയിൽ ജയമുറപ്പിച്ച സിറ്റിയെ അത്ഭുതപ്രകടനംകൊണ്ടാണ്‌ റയൽ വീഴ്‌ത്തിയത്‌. തുടർന്ന്‌ ലിവർപൂളിനെ തകർത്ത്‌ റയൽ 14–-ാംകിരീടവും സ്വന്തമാക്കി. സിറ്റിയുടെ ചാമ്പ്യൻസ്‌ ലീഗ്‌ സ്വപ്‌നം ഇനിയും ബാക്കി. റയൽ തട്ടകത്തിൽ കണക്കുതീർക്കാനാണ്‌ സിറ്റിയുടെ ഒരുക്കം. ചാമ്പ്യൻസ് ലീഗിൽ റയലിന്‌ ഇരട്ടിവീര്യമാണ്‌. ഏത്‌ പ്രതിസന്ധിഘട്ടത്തിലും അവർക്ക്‌ തിരിച്ചുവരാൻ കഴിയും. കഴിഞ്ഞസീസണിലെ കിരീടമാണ്‌ അതിന്‌ ഉദാഹരണം. സിറ്റിക്കെതിരെ രണ്ടാംപാദ സെമിക്ക്‌ ഇറങ്ങുമ്പോൾ 3–-4ന്‌ പിന്നിലായിരുന്നു റയൽ. രണ്ടാംപാദ പോര്‌ അവസാനഘട്ടത്തിലേക്ക്‌ എത്തുമ്പോഴേക്കും സിറ്റി ഒരു ഗോളിന്‌ ലീഡ്‌ നേടി. ആകെ 5–-3ന്‌ മുന്നിൽ. കളി ജയിച്ചുവെന്ന്‌ കരുതിയ സിറ്റിയെ റയൽ കരയിപ്പിക്കുന്നതായിരുന്നു പിന്നെ കണ്ടത്‌. 90, 91 മിനിറ്റുകളിൽ റോഡ്രിഗോയുടെ ഗോളുകളിൽ റയൽ ഒപ്പമെത്തി. അധികസമയത്തേക്ക്‌ കളി നീണ്ടു. ആ സമയം ഇരുപാദങ്ങളിലുമായി സ്‌കോർ 5–-5. അധികസമയത്തിന്റെ അഞ്ചാംമിനിറ്റിൽ കരിം ബെൻസെമയുടെ ഗോൾ സിറ്റിയുടെ പ്രതീക്ഷകളെ ചാരമാക്കി. ഇക്കുറി റയലിനെ ഭയപ്പെടുത്താൻ മൂർച്ചയുള്ള ഒരായുധമുണ്ട്‌ സിറ്റിക്ക്. എർലിങ്‌ ഹാലണ്ട്‌ എന്ന ഗോളടിയന്ത്രം. സീസണിൽ ഇതുവരെ 51 ഗോളടിച്ച ഹാലണ്ടായിരിക്കും റയലിന്‌ ഭീഷണി. കെവിൻ ഡി ബ്രയ്‌ൻ, ജാക്‌ ഗ്രീലിഷ്‌, റിയാദ്‌ മഹ്‌റെസ്‌ എന്നീ താരങ്ങളുൾപ്പെട്ട മധ്യനിരയിലാണ്‌ സിറ്റിയുടെ കളി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ തുടർജയങ്ങളുമായി കിരീടത്തിലേക്ക്‌ അടുക്കുകയാണ്‌ സിറ്റി. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടമാണ്‌ പെപ്‌ ഗ്വാർഡിയോളയുടെ പ്രധാന ലക്ഷ്യം. ഗ്വാർഡിയോളയ്‌ക്ക്‌ കീഴിൽ 2016 മുതലാണ്‌ സിറ്റി കളിക്കുന്നത്‌. ആ വർഷം മൊണാകോയോട്‌ തോറ്റു. 2020–-21 സീസണിൽ കിരീടം കൊതിച്ചെത്തിയ സിറ്റി സംഘത്തെ ചെൽസി ഫൈനലിൽ ഒരു ഗോളിന്‌ തുരത്തി. മറുവശത്ത്‌ റയൽ കാർലോ ആൻസെലോട്ടിക്ക്‌ കീഴിൽ സീസണിലെ ആദ്യ കിരീടം ചൂടി. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പാണ്‌ നേടിയത്‌. അതേസമയം, ലീഗിൽ തിരിച്ചടിയേറ്റു.

ബാഴ്‌സലോണയ്‌ക്കും അത്‌ലറ്റികോ മാഡ്രിഡിനും പിന്നിൽ മൂന്നാമതാണ്‌ അവർ. ചാമ്പ്യൻസ്‌ ലീഗിൽ മനോഹരമായ തിരിച്ചുവരവുകളുടെ ചരിത്രമാണ്‌ റയലിനുള്ളത്‌. കഴിഞ്ഞസീസണിൽ പിഎസ്‌ജി, ചെൽസി, സിറ്റി ടീമുകൾക്കെതിരെ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്. ബ്രസീൽ താരങ്ങളായ റോഡ്രിഗോയും വിനീഷ്യസ്‌ ജൂനിയറുമാണ്‌ റയലിന്റെ ഊർജം. പരിക്ക്‌ വലയ്‌ക്കുന്നുണ്ടെങ്കിലും കരിം ബെൻസെമയും ചാമ്പ്യൻസ്‌ ലീഗിൽ നിർണായകമാകും. ലൂക്കാ മോഡ്രിച്ച്‌ പരിക്കുമാറി തിരിച്ചെത്തുന്നത്‌ റയലിന്റെ കരുത്ത്‌ കൂട്ടും. സസ്‌പെൻഷനിലുള്ള ഏദെർ മിലിറ്റാവോയ്‌ക്ക്‌ ഇന്ന്‌ കളിക്കാനാകില്ല. ഹാലണ്ടിനെ തളയ്‌ക്കാൻ അന്റോണിയോ റൂഡിഗർക്കാകും ആൻസെലോട്ടി ചുമതല നൽകുക. രണ്ടാംപാദ സെമി 17ന്‌ സിറ്റിയുടെ തട്ടകത്തിലാണ്‌. നാളെ നടക്കുന്ന സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടും