28 June 2024 Friday

മുംബൈയില്‍ ഇന്ന് വമ്പന്‍ പോരാട്ടം, രോഹിത്തും കോലിയും നേര്‍ക്കുനേര്‍

ckmnews


മുംബൈ: വിജയവഴിയിൽ തിരിച്ചെത്താൻ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേർക്കുനേർ. വൈകീട്ട് ഏഴരയ്ക്ക് വാങ്കഡെയിലാണ് മത്സരം. പ്ലേഓഫിലെത്താൻ ഇനിയുള്ള ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ് മുംബൈക്കും ബാംഗ്ലൂരിനും.10ൽ അഞ്ച് വീതം ജയവും തോൽവിയുമായി ഒപ്പത്തിനൊപ്പം. മുൻനിരയിൽ നായകന്‍റെ മോശം ഫോമാണ് മുംബൈയുടെ തലവേദനയെങ്കിൽ മുൻനിരക്കാരുടെ മാത്രം ബാറ്റിലാണ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷ.


തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ മുംബൈനായകൻ രോഹിത് ശർമ അവസാന നാലു കളിയിൽ നേടിയത് വെറും അഞ്ച് റൺസ്. വെടിക്കെട്ട് ബാറ്റർമാർ നിറഞ്ഞ മധ്യനിരയാണ് മുംബൈയുടെ കരുത്ത്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, എന്നിവർ ക്രീസിലുറച്ചാൽ ഏത് സ്കോറും മുംബൈക്ക് അസാധ്യമല്ല

,പരിക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന തിലക് വർമ തിരിച്ചെത്തിയേക്കും. ടോപ് ഓർഡറിൽ കോലി , ഡുപ്ലസി, മാക്സ്‍വെൽ ത്രയത്തിനൊപ്പം മഹിപാൽ ലോമ്രോറും ഫോമിലെത്തിയത് ടീമിന് കരുത്താകും. കേദാർ ജാദവിന് ഇന്നും അവസരം നൽകും. ചിന്നസ്വാമിയിൽ കോലി-ഡുപ്ലസി കരുത്തിൽ മുംബൈയെ തകർത്ത ആത്മവിശ്വാവും ബാംഗ്ലൂരിനുണ്ട്. അന്ന് മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം കോലി-ഡൂപ്ലെസി സഖ്യത്തിന്‍റെ 148 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് ബാംഗ്ലൂര്‍ അനായാസം മറികടന്നത്.

ചെന്നൈക്കെതിരായ അവസാന മത്സരത്തില്‍ മുംബൈ ബാറ്റിംഗ് നിര ഫോമിലേക്കുയര്‍ന്നില്ലെങ്കിലും വാംഖഡെയിലെ ബാറ്റിംഗ് പറുദീസയില്‍ മുംബൈയുടെ പവര്‍ ഹിറ്റര്‍മാര്‍ കരുത്തുകാട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മറുവശത്ത് ടോപ് ഓര്‍ഡറില്‍ തിളങ്ങുന്നുവെങ്കിലും കോലിയുടെ കരുതലോടെയുള്ള സമീപനം ബാംഗ്ലൂരിന്‍റെ സ്കോറിംഗിനെ ബാധിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.


ഇന്നത്തെ മത്സരത്തില്‍ രോഹിത്തിന്‍റെ പ്രകടനവും കോലിയുടെപ്രകടനവും നിര്‍ണായകമാകും. തുടര്‍ച്ചയായി രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായ രോഹിത്തില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുമ്പോള്‍ പവര്‍ പ്ലേയിലെ കരുതല്‍ മാറ്റിവെച്ച് കോലി അടിച്ചു തകര്‍ക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. എന്നാൽ ആകെ നേർക്കുനേർ പോരിൽ 33ൽ 19 ജയം മുംബൈക്ക്. ആർസിബി 14 കളികളിൽ ജയിച്ചു. ഇന്ന് ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും അവസരമുണ്ട്.