28 June 2024 Friday

വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത

ckmnews


അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അടിവാരം മത്സരമെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ആറാമത്തെ തോല്‍വി നേരിടാനായിരുന്നു ഹൈദരാബാദിന്റെ വിധി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 35 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും റിങ്കു സിങിന്റേയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടുകയായിരുന്നു

മറുപടി ബാറ്റിംഗില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്ക് നാല് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് തകര്‍ന്നതാണ്. പക്ഷേ ക്യാപ്റ്റന്‍ എയ്ഡന്‍ മക്രത്തിന്റേയും ക്ലാസന്റേയും ബാറ്റിംഗ് മത്സരം അവസാന പന്തിലെത്തിച്ചു. പക്ഷേ വിജയം മാത്രം അകന്നുനിന്നു.


നിലവില്‍ എട്ടാമതാണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഹൈദരാബാദാകട്ടെ ഒന്‍പതാമതും. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറിലെ ഹൈദരാബാദിന്റെ വിജയ പ്രതീക്ഷ വിക്കറ്റ് നേട്ടത്തിലൂടെ തകര്‍ക്കാനും ചക്രവര്‍ത്തിക്കായി.