28 June 2024 Friday

തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കും, കൊല്‍ക്കത്തക്ക് ഇന്ന് ജീവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ഹൈദരാബാദ്

ckmnews


ഹൈദരാബാദ്: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഹൈദരാബാദിലാണ് മത്സരം പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൽ ഇരുടീമിനും ജയം അനിവാര്യമാണ്. ഒൻപത് കളിയിൽ ആറിലും തോറ്റ കൊൽക്കത്തയും എട്ട് കളിയിൽ അഞ്ചിലും തോറ്റ ഹൈദരാബാദിനും ഇനിയൊരു തോല്‍വിയെക്കുറിച്ച് ചിന്തിക്കാനാവില്ല.


ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താനാവൂ. ഒരുമത്സരം കുറച്ച് കളിച്ചത് മാറ്റിനിർത്തിയാൽ ഹൈദരാബാദിന്‍റെ അവസ്ഥയിലും മാറ്റമില്ല. കഴിഞ്ഞ മാസം കൊൽക്കയിൽ ഏറ്റുമുട്ടിയപ്പോൾ ജയം ഹൈദരാബാദിനൊപ്പമായിരുന്നു. സൺറൈസേഴ്സിന്‍റെ 228 റൺസ് പിന്തുടർന്ന നൈറ്റ് റൈഡേഴ്സിന് 205 റൺസിലെത്താനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനോടേറ്റ 23 റൺസ് തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് കൊൽക്കത്തയിറങ്ങുന്നത്.

കൃത്യമായൊരു ഓപ്പണിംഗ് ജോഡിയെ കണ്ടെത്താൻ കഴിയാത്തതിൽ തുടങ്ങുന്നു ഇരുടീമുകളുടേയും പ്രതിസന്ധി. സുനിൽ നരൈനും ആന്ദ്രേ റസലും ഫോമിന്‍റെ അടുത്തുപോലുമല്ല. വെങ്കടേഷ് അയ്യർ, നിതിഷ് റാണ, റിങ്കു സിംഗ്, ജേസൺ റോയ് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഷാർദുൽ ഠാക്കൂർ പരിക്ക് മാറിതിരിച്ചെത്തുന്നതും ആശ്വാസം.

ഭേദപ്പെട്ട ബാറ്റിംഗ് നിരയുണ്ടെങ്കിലും സ്ഥിരതയില്ലായ്മയാണ് എയ്ഡൻ മാർക്രം നയിക്കുന്ന ഹൈദരാബാദിന്‍റെ താളം തെറ്റിക്കുന്നത്. ഭുവനേശ്വർ കുമാറും ടി നടരാജനും ഉമ്രാൻ മാലിക്കും ഉൾപ്പെട്ട പേസ് നിര കൊൽത്തയുടെ നടുവൊടിക്കാൻ കെൽപ്പുള്ളവരാണ്. ഇരുടീമും 24 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 15ൽ കൊൽക്കത്തയും ഒൻപതിൽ ഹൈദരാബാദും ജയിച്ചു.


സണ്‍ റൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ഇലവൻ: അഭിഷേക് ശർമ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, ഹാരി ബ്രൂക്ക്, ഹെൻറിച്ച് ക്ലാസൻ, അബ്ദുൾ സമദ്, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡെ, ഉമ്രാൻ മാലിക്.


കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സാധ്യതാ ഇലവന്‍: ജേസൺ റോയ്, റഹ്മാനുള്ള ഗുർബാസ്, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, ആന്ദ്രെ റസൽ, റിങ്കു സിംഗ്, ഷാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ഹർഷിത് റാണ, വരുൺ ചകരവർത്തി, സുയാഷ് ശർമ്മ.