28 June 2024 Friday

ആളിക്കത്തി ഇഷാനും സൂര്യയും, പഞ്ചാബിനെതിരെ മുംബൈയ്ക്ക് വമ്പന്‍ ജയം

ckmnews


ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ ജയം. പഞ്ചാബ് ഉയർത്തിയ 214 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന എംഐ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് മുംബൈക്ക് കരുത്തായത്

മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ മിന്നുന്ന ബാറ്റിങ്ങാണ് അവര്‍ക്കു തുണയായത്. 42 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 82 റണ്‍സാണ് ലിവിങ്‌സ്റ്റണ്‍ നേടിയത്. ഇന്ത്യന്‍ യുവതാരം ജിതേഷ് ശര്‍മ, നായകന്‍ ശിഖര്‍ ധവാന്‍ എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.

27 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 49 റണ്‍സ് നേടി ജിതേഷ് പുറത്താകാതെ നിന്നപ്പോള്‍ 20 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 30 റണ്‍സായിരുന്നു ധവാന്‍ നേടിയത്. മുംബൈയ്ക്കു വേണ്ടി നാലോവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പീയുഷ് ചൗളയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷദ് ഖാനാണ് ഒരു വിക്കറ്റ്. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (0) മുംബൈയ്ക്ക് നഷ്ടമായി.


രണ്ടാം വിക്കറ്റിൽ കാമറൂൺ ഗ്രീനും (18 പന്തിൽ 23) ഇഷാൻ കിഷനും (41 പന്തിൽ 75) ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. ആറാം ഓവറിൽ ഗ്രീനിനെ നാഥാൻ എല്ലിസ് പുറത്താക്കി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷനും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 116 റൺസാണ് കൂട്ടിച്ചേർത്തത്. 31 പന്തിൽ രണ്ടു സിക്സും എട്ടു ഫോറും സഹിതം 66 റൺസ് നേടിയാണ് സൂര്യകുമാർ മടങ്ങിയത്. ഇഷാൻ കിഷൻ 75 റൺസും നേടി പുറത്തായി. പഞ്ചാബിനായി നാഥാൻ എല്ലിസ് രണ്ടു വിക്കറ്റും ഋഷി ധവാൻ അർഷ്‌ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.