28 June 2024 Friday

ആവേശപ്പോരിൽ ഗുജറാത്തിനെ ഞെട്ടിച്ച് ഡൽഹി; ജയം 5 റൺസിന്

ckmnews


അഹമ്മദാബാദ്: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകർത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 5 റണ്‍സിനാണ് ഡല്‍ഹി ഗുജറാത്തിനെ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഗുജറാത്തിന് ആറുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ഇഷാന്ത് ശര്‍മയാണ് ഡല്‍ഹിയ്ക്ക് വേണ്ടി വിജയം സമ്മാനിച്ചത്.

131റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ആദ്യ ഓവറില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ റണ്‍സെടുക്കും മുന്‍പ് ഖലീല്‍ അഹമ്മദ് പുറത്താക്കി. പിന്നാലെ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ (6 റൺസ്) ആന്റിച്ച് നോര്‍ക്യെ വീഴ്ത്തി. മൂന്നാമനായി ക്രീസിലെത്തിയ ഹാര്‍ദിക് ഒരുവഴത്ത് നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ നിലംപൊത്തി.

വിജയ് ശങ്കറും (6) ഡേവിഡ് മില്ലറും (0) ഉടനടി മടങ്ങിയതോടെ ഗുജറാത്ത് 32 റണ്‍സിന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് വന്ന അഭിനവ് മനോഹറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും അതീവശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. 17-ാം ഓവറില്‍ ഹാര്‍ദിക് അര്‍ധസെഞ്ചുറി നേടി

അവസാന മൂന്നോവറില്‍ 37 റണ്‍സായിരുന്നു ഗുജറാത്തിന് വിജയലക്ഷ്യം. എന്നാല്‍ 18ാം ഓവറിലെ ആദ്യ പന്തില്‍ അഭിനവിനെ മടക്കി ഖലീല്‍ അഹമ്മദ് ഗുജറാത്തിന് തിരിച്ചടി നല്‍കി. 26 റണ്‍സെടുത്ത അഭിനവ് അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക്കിനൊപ്പം 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ക്രീസ് വിട്ടത്

18ാം ഓവര്‍ ചെയ്ത ഖലീല്‍ അഹമ്മദ് വെറും നാല് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഇതോടെ മത്സരം കൂടുതല്‍ കനത്തു. രണ്ടോവറില്‍ വിജയലക്ഷ്യം 33 റണ്‍സായി മാറി

ആന്റിച്ച് നോര്‍ക്യെ ചെയ്ത 19ാം ഓവറിലെ ആദ്യ മൂന്ന് പന്തിലും ഗുജറാത്ത് പതറി. എന്നാല്‍ ഓവറിലെ അവസാന മൂന്ന് പന്തുകളും ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി രാഹുല്‍ തെവാത്തിയ ഗുജറാത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തി

ഇതോടെ വിജയലക്ഷ്യം അവസാന ഓവറില്‍ വെറും 12 റണ്‍സ് മാത്രമായി. ഇഷാന്ത് ശര്‍മ ചെയ്ത അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് രണ്ട് റണ്‍സെടുത്തു. രണ്ടാം പന്തില്‍ ഹാര്‍ദിക്കിന് ഒരു റണ്‍ മാത്രമാണ് നേടാനായത്. മൂന്നാം പന്തില്‍ തെവാത്തിയയ്ക്ക് റണ്‍സെടുക്കാനായില്ല

നാലാം പന്തില്‍ അപകടകാരിയായ തെവാത്തിയയെ (7 പന്തിൽ 200 മടക്കി ഇഷാന്ത് മത്സരം ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. ഇതോടെ രണ്ട് പന്തില്‍ ഒന്‍പത് റണ്‍സായി ഗുജറാത്തിന്റെ വിജയലക്ഷ്യംപിന്നീട് റാഷിദ് ഖാനാണ് ക്രീസിലെത്തിയത്. അഞ്ചാം പന്തില്‍ റാഷിദ് രണ്ട് റണ്‍സെടുത്തു ഇതോടെ അവസാന പന്തില്‍ ഏഴ് റണ്‍സായി ഗുജറാത്തിന്റെ വിജയലക്ഷ്യം

അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമാണ് റാഷിദിന് നേടാനായത്. ഇതോടെ ഡല്‍ഹി അവിശ്വസനീയ വിജയം സ്വന്തമാക്കി. ഹാര്‍ദിക് 53 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

ഡല്‍ഹിയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദും ഇഷാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്റിച്ച് നോര്‍ക്യെയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറിയുമായി പൊരുതിയ അമന്‍ ഹക്കിം ഖാനാണ് ഡൽഹിക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും നിർണായക സംഭാവന നൽകി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്.

മുഹമ്മദ് ഷമിയുടെ പന്തുകള്‍ക്ക് മുന്നില്‍ ഡല്‍ഹി ബാറ്റര്‍മാര്‍ മുട്ടുകുത്തി. 23 റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര ബാറ്റര്‍മാരാണ് വീണത്. അതില്‍ നാലു വിക്കറ്റും ഷമിക്കായിരുന്നു

അമന്‍ ഖാന്റെ ചെറുത്തുനില്‍പ്പാണ് ഡല്‍ഹി സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. താരത്തിന്റെ ആദ്യ ട്വന്റി 20 അര്‍ധസെഞ്ചുറിയാണിത്.ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി നാലോവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. മോഹിത് ശര്‍മ 3 വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് റാഷിദ് ഖാനാണ്.