28 June 2024 Friday

ഐസിസി ടി20 റാങ്കിംഗ്: ഒന്നാം സ്ഥാനം സുരക്ഷിതമാക്കി ഇന്ത്യ

ckmnews


ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം സുരക്ഷിതമായി ഇന്ത്യന്‍ ടീം. ഐസിസിയുടെ വര്‍ഷാവസാന റാങ്കിംഗില്‍ രണ്ട് റേറ്റിംഗ് പോയന്‍റ് കൂടി സ്വന്തമാക്കിയ ഇന്ത്യ 267 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് 259 റേറ്റിംഗ് പോയന്‍റാണുള്ളത് ടി20 ലോകകപ്പില്‍ സെമിയില്‍ പുറത്തായി നിരാശപ്പെടുത്തിയെങ്കിലും 2020 മുതലുള്ള സ്ഥിരതയാര്‍ന്ന പ്രകടനമാണ് വര്‍ഷാവസാന റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടമായത്.


കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം രോഹിത് ശര്‍മ ടി20യില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ലോകകപ്പിനുശേഷം നടന്ന ടി20 പരമ്പരകളില്‍ ഹാര്‍ദ്ദിക്കിന്‍റെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടിലും ഇന്ത്യയിലും ശ്രീലങ്കയെ ഇന്ത്യയിലും പരാജയപ്പെടുത്തിയിരുന്നു. 2020 മെയ് മുതലുള്ള എല്ലാ ടി20 പരമ്പരകളും പ്രതിഫലിക്കുന്നതാണ് പുതിയ റാങ്കിംഗ്.

2022 മെയ് മാസത്തിന് മുമ്പ് കളിച്ച ടി20 പരമ്പരകള്‍ക്ക് 50 ശതമാനവും അതിനുശേഷമുള്ളതിന് 100 ശതമാനവും വെയ്റ്റേജ് നല്‍കിയാണ് റാങ്കിംഗ് കണക്കാക്കിയത്. പുതിയ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ടീം ന്യൂസിലന്‍ഡാണ്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് അഞ്ചില്‍ നിന്ന് മൂന്നിലേക്ക് കുതിച്ച് 256 റേറ്റിംഗ് പോയന്‍റുമായി ഇംഗ്ലണ്ടിന് തൊട്ടടുത്ത് എത്തി. പുതിയ റാങ്കിംഗില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്

നേരത്തെ വാര്‍ഷിക ടെസ്റ്റ് റാങ്കിംഗ് അപ്‌ഡേറ്റില്‍ ഓസ്‌ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിനാണ് ഇതോടെ വിരാമമായത്.ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. 114 റേറ്റിംഗ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.