28 June 2024 Friday

ഐപിഎൽ: ബാംഗ്ലൂരിന് ഇന്ന് ജയിക്കണം; എതിരാളികൾ ലക്നൗ

ckmnews


ഐപിഎലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ലക്നൗവിൻ്റെ ഹോം ഗ്രൗണ്ടായ ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പഞ്ചാബ് കിംഗ്സിനെതിരെ മികച്ച ജയം നേടിയാണ് ലക്നൗ എത്തുന്നത്. ബാംഗ്ലൂർ ആവട്ടെ കഴിഞ്ഞ കളി കൊൽക്കത്തയോട് പരാജയപ്പെട്ടു. 10 പോയിൻ്റുള്ള ലക്നൗ പോയിൻ്റ് പട്ടികയിൽ രണ്ടാമതും 8 പോയിൻ്റുള്ള ആർസിബി ആറാമതുമാണ്. ഇരു ടീമുകളും എട്ട് മത്സരം വീതം കളിച്ചു. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ പാദ മത്സരത്തിൽ, അവസാന പന്തിൽ ലക്നൗ ഒരു വിക്കറ്റിനു വിജയിച്ചിരുന്നു

കഴിഞ്ഞ കളിയിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോർ പടുത്തുയർത്തിയ ലക്നൗ തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ക്യാപ്റ്റൻ കെഎൽ രാഹുലിൻ്റെ മോശം ഫോം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാ താരങ്ങളും ഫോമിലാണ്. ആയുഷ് ബദോനിയെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള തീരുമാനം വിജയിച്ചു. കെയിൽ മയേഴ്സ് അപാര ഫോമിലായതിനാൽ ക്വിൻ്റൺ ഡികോക്ക് വീണ്ടും പുറത്തിരിക്കും. ഹോം ഗ്രൗണ്ടിലെ ബൗളിംഗ് പിച്ചിൽ ലക്നൗവിൻ്റെ ബൗളിംഗ് നിരയുടെ ശക്തി തെളിയിക്കപ്പെട്ടതാണ്. ഈ സീസണീൽ, ഹോം ഗ്രൗണ്ടിൽ മികച്ച ശരാശരിയും സ്ട്രൈക്ക് റേറ്റും എക്കണോമി നിരക്കുമുള്ള ടീം ലക്നൗ ആണ്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.


റോയൽ ചലഞ്ചേഴ്സിൻ്റെ ദൗർബല്യം പകലുപോലെ വ്യക്തമാണ്. മോശം മധ്യനിര. കോലി, ഫാഫ്, മാക്സ്‌വൽ എന്നിവരൊഴികെ മറ്റാരും ഫോമിലല്ല. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ശക്തമാണ്. പവർ പ്ലേയിൽ സിറാജിൻ്റെ പ്രകടനങ്ങൾ തന്നെയാണ് അവരുടെ കരുത്ത്. ജോഷ് ഹേസൽവുഡ് ഇന്ന് കളിച്ചേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെയെങ്കിൽ ഡേവിഡ് വില്ലി പുറത്തിരിക്കും. മറ്റ് മാറ്റങ്ങളുണ്ടാവാനിടയില്ല.