28 June 2024 Friday

കോലിയുടെ ഫിഫ്റ്റി പാഴായി; കൊൽക്കത്തയ്ക്ക് തകർപ്പൻ ജയം

ckmnews


ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. 21 റൺസിനാണ് കൊൽക്കത്ത വിജയിച്ചുകയറിയത്. കൊൽക്കത്ത മുന്നോട്ടുവച്ച 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 179 റൺസ് നേടാനേ സാധിച്ചുള്ളൂ. 37 പന്തിൽ 54 റൺസ് നേടിയ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തി 3 വിക്കറ്റ് വീഴ്ത്തി.

തുടക്കം മുതൽ തന്നെ അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഡുപ്ലെസിയും കോലിയും ചേർന്ന് ഗംഭീര തുടക്കം നൽകിയെങ്കിലും മൂന്നാം ഓവറിൽ തന്നെ യുവ ലെഗ് സ്പിന്നർ സുയാഷ് ശർമയെ പന്തേല്പിക്കാനുള്ള നിതീഷ് റാണയുടെ തീരുമാനത്തിന് ഫലം ലഭിച്ചു. ഓവറിലെ രണ്ടാം പന്തിൽ ഡുപ്ലെസി (7 പന്തിൽ 17) പുറത്ത്. ഷഹബാസ് അഹ്‌മദിനെ (2) സുയാഷും ഗ്ലെൻ മാക്സ്‌വലിനെ (5) വരുൺ ചക്രവർത്തിയും മടക്കിയതോടെ ആർസിബി ബാക്ക്ഫൂട്ടിലായി.


എന്നാൽ, നാലാം വിക്കറ്റിൽ വിരാട് കോലിയും മഹിപാൽ ലോംറോറും ചേർന്ന് ആർസിബിയെ കൈപിടിച്ചുയർത്തി. ലോംറോർ ആയിരുന്നു ഏറെ അപകടകാരി. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ താരം മധ്യ ഓവറുകളിൽ സ്കോർ ഉയർത്തി. ഇതിനിടെ 33 പന്തുകളിൽ കോലി ഫിഫ്റ്റി തികച്ചു. 55 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ലോംറോർ മടങ്ങി. 18 പന്തിൽ 34 റൺസ് നേടിയ താരത്തെ വരുൺ ചക്രവർത്തി പുറത്താക്കുകയായിരുന്നു. ഏറെ വൈകാതെ കോലിയും പുറത്ത്. കോലിയെ ആന്ദ്രേ റസലിൻ്റെ പന്തിൽ വെങ്കടേഷ് അയ്യർ ഉജ്ജ്വലമായി കൈയിലൊതുക്കി. സുയാഷ് പ്രഭുദേശായ് (10) റണ്ണൗട്ടായി. വനിന്ദു ഹസരങ്കയെ (5) റസൽ പുറത്താക്കിയപ്പോൾ ദിനേശ് കാർത്തിക് (18 പന്തിൽ 22) വരുൺ ചക്രവർത്തിയുടെ ഇരയായി മടങ്ങി. ഇതോടെ ബാംഗ്ലൂർ തോൽവി ഉറപ്പിച്ചു. ഡേവിഡ് വില്ലി (11), വിജയകുമാർ വൈശാഖ് (13) എന്നിവർ നോട്ടൗട്ടാണ്