28 June 2024 Friday

ധോണിപ്പടയെ പിടിച്ചുകെട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍; ലക്ഷ്യം ഒന്നാം സ്ഥാനം

ckmnews



ജയ്പൂര്‍: ഐപിഎല്ലിൽ സഞ്ജുവും ധോണിയും ഇന്ന് വീണ്ടും നേർക്കുനേർ. വൈകിട്ട് ഏഴരയ്ക്ക് ജയ്പൂരിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് - രാജസ്ഥാൻ റോയല്‍സ് പോരാട്ടം. ചെപ്പോക്കിൽ അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ മൂന്ന് റണ്‍സിനാണ് രാജസ്ഥാൻ ചെന്നൈയെ തോൽപ്പിച്ചത്. കണക്ക് തീര്‍ക്കാൻ ധോണിപ്പട ജയ്പൂരിലെത്തുമ്പോൾ തുടര്‍ തോൽവികളിൽ നിന്ന് കരകയറുകയാണ് സഞ്ജുവിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.


ലഖ്നൗവിനെതിരെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും ജയിക്കാമായിരുന്ന അവസാന രണ്ട് കളികള്‍ കൈവിട്ടതാണ് തുടക്കം മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന് തിരിച്ചടിയായത്. ലഖ്നൗവിനെതിരെ വിജയത്തിനരികെ വീണപ്പോള്‍ ആര്‍സിബിക്കെതിരെയും പിഴവ് ആവര്‍ത്തിച്ചു. ജേസണ്‍ ഹോള്‍ഡറുടെ ബാറ്റിംഗ് മികവ് ഉപയോഗിക്കാന്‍ റോയല്‍സ് ഇതുവരെ തയാറായിട്ടില്ല. ഏഴ് കളികളില്‍ രണ്ട് പന്തുകള്‍ മാത്രമാണ് ഹോള്‍ഡര്‍ ഇതുവരെ നേരിട്ടത്. ഹോള്‍ഡര്‍ക്ക് മുമ്പെ അശ്വിനെയാണ് റോയല്‍സ് സ്ഥിരമായി ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കുന്നത്.

ഇംപാക്ട് പ്ലേയറെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതും റോയല്‍സിന് തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തില്‍ അബ്ദുള്‍ ബാസിത് ആണ് റോയല്‍സിന്‍റ ഇംപാക്ട് പ്ലേയറായി ഇറങ്ങിയത്. അവസാന ഓവറിലായിരുന്നു ഇത്. മോശം ഫോമിലുള്ള റിയാന്‍ പരാഗ് ഇന്നും പുറത്തിരിക്കുമ്പോള്‍ യുവതാരം ധ്രുവ് ജുറെല്‍ ഇന്നും പ്ലേയിംഗ് ഇലവനില്‍ ഇടം നിലനിര്‍ത്തിയേക്കും.

ചെന്നൈക്ക് വലിയ ആശങ്കകളൊന്നുമില്ല. ബാറ്റര്‍മാരെല്ലാം മിന്നും ഫോമിൽ. അജിങ്ക്യാ രഹാനെയുടെ പുതിയ അവതാരമാണ് ടീമിന്‍റെ ബോണസ്. ഇരുനൂറിനടുത്ത് സ്ട്രൈക്ക് റേറ്റിലാണ് രഹാനെ റണ്ണടിച്ച് കൂട്ടുന്നത്. യുവ ബൗളര്‍മാരും താളം കണ്ടെത്തി തുടങ്ങിയത് ധോണിക്ക് ആശ്വാസം. ബെന്‍ സ്റ്റോക്സും ദീപക് ചാഹറും ഇന്നും ചെന്നൈ ഇലവനിലുണ്ടാവില്ല. മതീഷ് പതിരാനക്ക് പകരം മിച്ചല്‍ സാന്‍റ്നര്‍ ഇന്ന് ചെന്നൈ ഇലവനില്‍ തിരിച്ചെത്തിയേക്കും.


പരീക്ഷണങ്ങൾ പാളിയതാണ് തുടര്‍ച്ചയായ രണ്ട് കളികളിൽ രാജസ്ഥാൻ തോൽക്കാൻ കാരണം. ജോസ് ബട്‍ലറിൽ പതിവ് ഫോമിലേക്ക് വരാത്തതും തിരിച്ചടിയായി. ബട്‌ലറെ പൂട്ടാനുള്ള ഉത്തരവാദിത്തം ചെന്നൈ ഇന്ന് മൊയിന്‍ അലിയെ ആകും ഏല്‍പ്പിക്കുക. ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞാല്‍ ബട്‌ലറെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ള ബൗളറാണ് അലി. നാലു തവണ അലിയുടെ പന്തുകള്‍ക്ക് മുമ്പില്‍ ബട്‌ലര്‍ വീണു.


ക്യാപ്റ്റൻ സഞ്ജു ബാറ്റിംഗില്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. ഇന്ന് വൻ മാര്‍ജിനിൽ ജയിച്ചാൽ രാജസ്ഥാന് പോയന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താം.