28 June 2024 Friday

കൈവിട്ടുപോകുമോ കിരീടം; അവസാനക്കാരോട് സമനില വഴങ്ങി ആഴ്‌സണൽ

ckmnews


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന മത്സരങ്ങളിൽ അടിപതറി ആഴ്‌സണൽ. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം കണ്ടെത്താൻ സാധിക്കാതിരുന്ന ആഴ്സണലിന്റെ കിരീട പ്രതീക്ഷ കയ്യാലപ്പുറത്താണ്. ഇന്നലെ പോയിന്റ് ടേബിളിൽ തരം താഴ്ത്തൽ ഭീഷണിയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന സൗത്താംപ്ടനെതിരെ സമനില വഴങ്ങിയത് ടീമിന് തിരിച്ചടിയായി. സ്വന്തം മൈതാനമായ എമിറേറ്സിൽ നടന്ന മത്സരത്തിൽ സൗത്തംപ്ടണും ആഴ്സണലും മൂന്ന് വീതം ഗോളുകൾ നേടി. സൗത്തംപ്ടണ് വേണ്ടി അർജന്റീനിയൻ യുവതാരം കാർലോസ് അൽക്കാരസ്, തിയോ വാൽക്കോട്ട്, ഡുജേ കാലേറ്റ-കാർ എന്നിവർ ഗോൾ നേടി. ആഴ്സണലിനായി ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഒഡേഗാർഡ്, ബുക്കയോ സാക എന്നിവരും ഗോളുകൾ നേടി

മത്സരം തുടങ്ങി 30 സെക്കന്റുകളിൽ സൗത്തംപ്ടൺ ലീഡ് എടുത്തു. ആഴ്‌സണൽ ഗോൾകീപ്പർ റംസാൽഡേയുടെ പിഴവിൽ നിന്നാണ് ആ ഗോൾ പിറന്നത്. ആദ്യ പതിനഞ്ച് മിനുട്ടിനുള്ളിൽ തിയോ വാൽക്കോട്ട് ടീമിന്റെ ലീഡ് ഇരട്ടിയാക്കി. 20 -ാം മിനുട്ടിൽ ഗബ്രിയേൽ മാർട്ടിനെല്ലി ആർസെന,ഇൻ വേണ്ടി ഗോൾ നേടി. ബാക്കിയുള്ള ഗോളുകൾ പിറന്നത് രണ്ടാം പകുതിയിലാണ്. 66 -ാം മിനുട്ടിൽ ഡുജേ കാലേറ്റ-കാർ സൗത്താംപ്ടന്റെ മൂന്നാം ഗോൾ നേടി. മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രക്ഷരായി ക്യാപ്റ്റൻ ഒഡേഗാർഡും ബുക്കയോ സാകയും അവതരിച്ചതാണ് തോൽ‌വിയിൽ നിന്ന് ടീമിനെ കരകയറ്റിയത്‌.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ കുറച്ചു സീസണുകളായി മോശം പ്രകടനത്തിലൂടെയാണ് ആഴ്‌സണൽ കടന്നു പോയത്. കിരീട വരൾച്ചയിൽ കുഴങ്ങിയ ടീമിന് പ്രതീക്ഷ നൽകിയ സീസണായിരുന്നു ഇത്തവണത്തേത്. യുവ താരങ്ങളിൽ പ്രതീക്ഷയർപ്പിച്ച് തുടർ വിജയങ്ങളിലൂടെ കടന്നു പോയ ടീം ഈ സീസണിൽ കിരീടം ഉയർത്തുമെന്ന് വിമർശകർ പോലും വിശ്വസിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മത്സരങ്ങളിൽ തുടർച്ചയായി വഴങ്ങിയ സമനിലകൾ ടീമിന് തിരിച്ചടിയാകുന്നു. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി അഞ്ച് പോയിന്റ് വ്യത്യാസമാണ് ആഴ്സനലിനുള്ളത്. എന്നാൽ,അവസാന പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം സമനില വഴങ്ങിയ സിറ്റിക്ക് ഈ പോയിന്റ് വ്യത്യാസം ഒരു പ്രശ്നമായിരിക്കില്ല.

കൂടാതെ ആഴ്സനലിനേക്കാൾ രണ്ടു മത്സരങ്ങൾ സിറ്റി കളിയ്ക്കാൻ ബാക്കിയുള്ളതും അവർക്ക് ലീഗിൽ മേൽകൈ നൽകും. അതിൽ ഒരെണ്ണം ആഴ്‌സണലിന് എതിരെയാണ്