28 June 2024 Friday

ഐപിഎൽ പതിനാറാം സീസണില്‍ വിജയം തുടരാൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും.

ckmnews



ചെന്നൈ: ഐപിഎൽ പതിനാറാം സീസണില്‍ വിജയം തുടരാൻ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. ഏയ്‌ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. വമ്പൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ലക്ഷ്യമിടുന്നതെങ്കില്‍ വിജയത്തോടെ അടിവാരത്ത് നിന്ന് കരകയറാനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെപ്പോക്കില്‍ എത്തിയിരിക്കുന്നത്.

ചിന്നസ്വാമിയിൽ കലക്കൻ പോരാട്ടം കാത്ത് ആരാധകര്‍ കാത്തിരിക്കുകയാണ്. ആര്‍സിബിക്കെതിരെ കടുത്ത പോരാട്ടം അതിജീവിച്ചായിരുന്നു അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ജയം. 226 റണ്‍സെടുത്തിട്ടും 8 റണ്‍സിന് മാത്രമാണ് ജയിച്ചത്. പേസര്‍മാരുടെ മോശം പ്രകടനമാണ് 'തല' എം എസ് ധോണിക്ക് തലവേദനയാവുന്നത്. പരിക്കും ടീമിനെ വേട്ടയാടുന്നു. കാൽമുട്ടിനേറ്റ പരിക്ക് മൂലം ധോണിയുടെ വരെ കാര്യത്തിൽ ആശങ്കയുണ്ട്. ദീപക് ചഹാറിന് ഈ മത്സരവും നഷ്‌ടമാവും. കാൽപാദത്തിനേറ്റ പരിക്ക് മൂലം കഴിഞ്ഞ മൂന്ന് കളി നഷ്ടമായ ബെൻ സ്റ്റോക്‌സ് ഫിറ്റ് ആയെന്നതാണ് ആശ്വാസം നൽകുന്ന ഒരു വാര്‍ത്ത.

അതേസമയം സ്ഥിരതയില്ലാത്തതാണ് സണ്‍റൈസേഴ്‌സിന്‍റെ പ്രശ്‌നം. സെഞ്ചുറി നേടി ഫോമിലേക്ക് വന്ന ഹാരി ബ്രൂക്ക് മുംബൈക്കെതിരെ വീണ്ടും പരാജപ്പെട്ടു. മായങ്ക് അഗര്‍വാൾ, രാഹുൽ ത്രിപാഠി തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ ഫോമില്ലായ്‌മയും പ്രശ്‌നമാണ്. പേരുകേട്ട ബൗളിംഗ് നിരയും നിരാശപ്പെടുത്തുന്നു. ടി നടരാജനും ഉമ്രാൻ മാലിക്കും അടക്കമുള്ളവര്‍ തല്ല് വാങ്ങിക്കൂട്ടുന്നതിൽ ഒരു കുറവുമില്ല. നേര്‍ക്കുനേര്‍ പോരാട്ടങ്ങൾ ചെന്നൈയ്ക്കാണ് ആധിപത്യം. 18 തവണ ഏറ്റമുട്ടിയപ്പോൾ 13ലും സിഎസ്‌കെ വിജയിച്ചു. അഞ്ച് തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാനായി