28 June 2024 Friday

ആധികാരികം!! റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ

ckmnews

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ. ചെല്‍സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് മറികടന്നാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിപ്രവേശനം ഉറപ്പിച്ചത്.


ആദ്യ പാദത്തില്‍ ചെല്‍സിയെ 2-0ന് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് രണ്ടാം പാദത്തിലും 2-0ന് വിജയിച്ചതോടെ അഗ്രിഗേറ്റ് സ്കോറിൽ 4-0ന്‍റെ ജയത്തോടെ സെമി ടിക്കറ്റെടുക്കുകയായിരുന്നു. തോല്‍വിയോടെ ചെല്‍സി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. കഴിഞ്ഞ സീസണിലും റയൽ മാഡ്രിഡ് തന്നെയാണ് ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയത്‌.

രണ്ടാം പകുതിയിലായിരുന്നു റയലിന്‍റെ രണ്ടു ഗോളുകളും പിറന്നത്. ബ്രസീലിയന്‍ ഫോര്‍വേഡ് റോഡ്രിഗോയുടെ വകയായിരുന്നു രണ്ട് ഗോളുകളും. അതേസമയം ആദ്യ പാദത്തിലെ രണ്ട് ഗോളിന്‍റെ കടംവീട്ടാന്‍ ഇറങ്ങിയ ചെൽസി ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും നീക്കങ്ങള്‍ കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല.


രണ്ടാം പകുതിയുടെ തുടക്കത്തിലും ചെൽസി തുടരെ റയല്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങൾ നടത്തി. ഇതിനിടയിൽ 58-ാം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ റയൽ മാഡ്രിഡ് ആദ്യ ലീഡ് എടുത്തു. റോഡ്രിഗോ തുടങ്ങിയ ആക്രമണം വിനീഷ്യസിലേക്ക് എത്തുകയും വിനീഷ്യസ് തിരികെ പന്ത് റോഡ്രിഗോയ്ക്ക് തന്നെ നൽകുകയും ചെയ്തു. ഒടുവില്‍ റോഡ്രിഗോയുടെ തന്നെ മനോഹരമായ ഫിനിഷ്. റയല്‍ ഒരു ഗോളിന് മുന്നില്‍. ഗോള്‍ അഗ്രിഗേറ്റ് (3-0).


ഇതോടെ ചെൽസി തളർന്നു. ആദ്യ ഗോള്‍ വീണതിന് ശേഷം റയൽ മാഡ്രിഡ് ബെൻസേമയെ പിൻവലിച്ചു. കളി അവസാനിക്കാന്‍ 10 മിനുട്ട് ബാക്കിയുള്ളപ്പോള്‍ റോഡ്രിഗോ തന്നെ റയല്‍ മാഡ്രിഡിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ വാല്വെർദെ നീട്ടിനല്‍കിയ പന്ത് ഒഴിഞ്ഞ പോസ്റ്റിലേക്ക് തിരിച്ചുവിടേണ്ട ജോലിയേ റോഡ്രിഗോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. സ്കോർ (2-0). ഗോള്‍ അഗ്രിഗേറ്റ് (4-0).


ഗ്രഹാം പോട്ടര്‍ക്ക് പകരമെത്തിയ ഫ്രാങ്ക് ലമ്പാർഡ് പരിശീലകനായ ശേഷം കളിച്ച നാലു മത്സരങ്ങളിലും ചെൽസി പരാജയപ്പെട്ടു.