28 June 2024 Friday

മുംബൈയ്ക്ക് മൂന്നാം ജയം; കാമറൂൺ ഗ്രീൻ തിളങ്ങി, അർജുൻ ടെൻഡുൽക്കറിന് കന്നിവിക്കറ്റ്

ckmnews


ഹൈദരാബാദ്: സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ ഹോം ഗ്രൗണ്ടിൽ 14 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ആറാം സ്ഥാനത്തേയ്ക്ക് കയറി. ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണ്

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് 19.5 ഓവറിൽ 178 റൺസിന് പുറത്തായി. ഹൈദരാബാദിന്റെ പത്താം വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിലെ കന്നി വിക്കറ്റ് അർജുൻ ടെൻഡുൽക്കർ സ്വന്തമാക്കി. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ജേസൻ ബെഹ്രൻഡോഫ്, റിലേ മെറിഡിത്ത്, പീയൂഷ് ചൗള എന്നിവരുടെ ബോളിങ് മുംബൈ വിജയത്തിൽ നിർണായകമായി. കാമറൂൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി

ഹൈദരാബാദിനായി മായങ്ക് അഗര്‍വാള്‍ (41 പന്തിൽ 48), ഹെൻറിച്ച് ക്ലാസന്‍ (16 പന്തിൽ 36), ക്യാപ്റ്റൻ എയ്ഡൻ മാർക്രം (17 പന്തിൽ 22) എന്നിവർ പൊരുതിയെങ്കിലും ജയം സ്വന്തമാക്കാനായില്ല. മറുപടി ബാറ്റിങ്ങിൽ, രണ്ടാം ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിനെ (7 പന്തിൽ 9) നഷ്ടമായത് ഹൈദരാബാദിന്റെ ചേസിങ്ങിൽ വൻ തിരിച്ചടിയായി

നാലാം ഓവറിൽ ഫോമിലുള്ള താരം രാഹുൽ ത്രിപാഠിയും (5 പന്തിൽ 7) ഔട്ടായതോടെ ഹൈദരാബാദ് പരുങ്ങി. മൂന്നാം വിക്കറ്റിൽ മായങ്ക് അഗർവാളും എയ്ഡൻ മാർക്രവും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം ഹൈദരാബാദിന് പ്രതീക്ഷ നൽകി

എന്നാൽ 9ാം ഓവറിൽ കാമറൂൺ ഗ്രീൻ, മാർക്രത്തെ മടക്കി. തൊട്ടടുത്ത ഓവറിൽ തന്നെ അഭിഷേക് ശർമയും (2 പന്തിൽ 1) പുറത്തായി. പിന്നീടെത്തിയ ഹെൻറിച്ച് ക്ലാസൻ, 14–ാം ഓവറിൽ പീയൂഷ് ചൗളയ്‌ക്കെതിരെ 20 റൺസ് അടിച്ചുകൂട്ടി വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും ആ ഓവറിന്റെ അവസാന പന്തിൽ തന്നെ പുറത്തായി

മായങ്കും അടുത്ത ഓവറിൽ പുറത്തായതോടെ ഹൈദരാബാദ് തോൽവി ഉറപ്പിച്ചു. അബ്ദുൽ സമദ് (12 പന്തിൽ 9), മാര്‍ക്കോ ജാന്‍സെന്‍ (6 പന്തിൽ 13), വാഷിങ്ടൻ സുന്ദര്‍ (6 പന്തിൽ 10), ഭുവനേശ്വര്‍ കുമാര്‍ (5 പന്തിൽ 2), മയാങ്ക് മാർക്കണ്ഡെ (2 പന്തിൽ 2*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ

ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. ടോസ് നേടിയ ഹൈദരാബാദ്, മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ കാമറൂൺ ഗ്രീന്റെ (40 പന്തിൽ 64*) ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്

ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (18 പന്തിൽ 28), ഇഷാൻ കിഷൻ (31 പന്തിൽ 38) എന്നിവർ ചേർന്ന് ഒന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം ഓവറിൽ രോഹിത്തിനെ പുറത്താക്കി ടി.നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇതിനു പിന്നാലെയാണ് മൂന്നാമനായി കാമറൂൺ ഗ്രീൻ ഇറങ്ങിയത്. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും ഗ്രീനും ചേർന്ന് 46 റൺസെടുത്തു.

12ാം ഓറിൽ ഇഷാൻ കിഷൻ പുറത്തായതിനു പിന്നാലെ എത്തിയ സൂര്യകുമാർ യാദവിന് (3 പന്തിൽ 7) തിളങ്ങാനായില്ല. എന്നാൽ അഞ്ചാമനായി ഇറങ്ങിയ തിലക് വർമയുടെ (17 പന്തിൽ 37) ഇന്നിങ്സ് മുംബൈയുടെ സ്കോർ അതിവേഗം ചലിപ്പിച്ചു. നാല് സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിങ്സ്. 17–ാം ഓവറിൽ തിലക് പുറത്തായതിനു ശേഷമെത്തിയ ടിം ഡേവിഡ് (11 പന്തിൽ 16) ഗ്രീനു കൂട്ടായി. ഹൈദരാബാദിനായി മാര്‍ക്കോ ജാന്‍സെന്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി