28 June 2024 Friday

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍

ckmnews


ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍. വൈകീട്ട് 7.30ന് ഹൈദരാബാദിന്റെ മൈതാനത്താണ് മത്സരം. ആദ്യ രണ്ട് കളി തോറ്റ്. പിന്നീടുള്ള രണ്ട് കളിയില്‍ ജയിച്ച് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സും ഹൈദരാബാദും. നര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ എന്നും ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കാത്തിരിക്കുന്നത് കലക്കന്‍ പോരാട്ടം.


ബാറ്റിംഗിലും ബൗളിങ്ങിലും പോരായ്മകള്‍ ഏറെയുണ്ടെങ്കിലും മുംബൈ പതിയെ താളം കണ്ടെത്തുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇഷാന്‍ കിഷനും പുറമെ സൂര്യകുമാര്‍ യാദവ് കൂടി ഫോമിലെക്ക് മടങ്ങിയെത്തിയത് ആശ്വാസം. പരിക്ക് മൂലം കഴിഞ്ഞ രണ്ട് കളികള്‍ നഷ്ടമായ ജോഫ്ര ആര്‍ച്ചര്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ച്ചര്‍ കളിക്കുന്നില്ലെങ്കില്‍ ഡ്വാന്‍ ജാന്‍സെനെ നിലനിര്‍ത്തും.

പൊന്നുംവില കൊടുത്ത് വാങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് സെഞ്ച്വറിയുമായി ഫോമിലേക്കെത്തിയതിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രാമും ഫോം വീണ്ടെടുത്തു. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബൗളിംഗ് നിര സ്ഥിരത പുലര്‍ത്തിയാല്‍ അവിടെയും ആശങ്ക വേണ്ട. ഇതിന് മുന്‍പ് 18 തവണ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ 9 ജയം വീതം മുംബൈയും ഹൈദരാബാദും സ്വന്തമാക്കി. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സെന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.


മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹല്‍ വദേര, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഡ്വാന്‍ ജാന്‍സെന്‍, ഹൃതിക് ഷൊകീന്‍, പിയൂഷ് ചൗള, റിലീ മെരെഡിത്ത്.