28 June 2024 Friday

ഇരട്ട ഗോളുകളുമായി ഹാലണ്ട്; ലെസ്റ്ററിനെ വീഴ്ത്തി സിറ്റി ആഴ്സണലിനു തൊട്ടരികെ

ckmnews


പ്രീമിയർ ലീഗ് ആവേശ ക്ലൈമാക്സിലേക്ക്. ഇന്ന് സ്വന്തം തട്ടകത്ത് നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയ മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായുള്ള ദൂരം 3 പോയിൻ്റാക്കി കുറച്ചു. ഇരു ടീമുകളും 30 മത്സരം വീതം കളിച്ചപ്പോൾ ആഴ്സണലിന് 73 പോയിൻ്റും സിറ്റിക്ക് 70 പോയിൻ്റുമുണ്ട്.

സിറ്റിക്കായി എർലിങ്ങ് ഹാലണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ ജോൺ സ്റ്റോൺസ് ആണ് മൂന്നാം ഗോൾ സ്കോർ ചെയ്തത്. കെലേചി ഇഹെനാചോ ലെസ്റ്റർ സിറ്റിയ്ക്കായി ആശ്വാസ ഗോൾ നേടി.


മത്സരത്തിൻ്റെ അഞ്ചാം മിനിട്ടിൽ തന്നെ ജോൺ സ്റ്റോൺസിലൂടെ സിറ്റി മുന്നിലെത്തി. 15ആം മിനിട്ടിൽ ഒരു പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കിയ ഹാലണ്ട് 25ആം മിനിട്ടിൽ മറ്റൊരു ഗോളിലൂടെ രണ്ട് ഗോൾ സംഭാവനയും ഇരട്ടിയാക്കി. പിന്നീട് 50 മിനിട്ടോളം കളിയിൽ ഗോൾ പിറന്നില്ല. 75ആം മിനിട്ടിലാണ് ലെസ്റ്ററിൻ്റെ ആശ്വാസ ഗോൾ വന്നത്.


ലീഗിൽ സിറ്റിക്കും ആഴ്സണലിനും ഇനി എട്ട് മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്. ഇതിൽ ഒന്ന് എത്തിഹാദിൽ ഇരു ടീമുകളും തമ്മിലുള്ള മത്സരമാണ്.