28 June 2024 Friday

ചെന്നൈ കടന്ന്‌ രാജസ്ഥാൻ ; ചെന്നൈ സൂപ്പർ കിങ്‌സിനെ മൂന്ന്‌ റണ്ണിന്‌ വീഴ്‌ത്തി രാജസ്ഥാൻ റോയൽസ്‌

ckmnews


ചെന്നൈ മഹേന്ദ്രസിങ്‌ ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സിനെ രക്ഷിക്കാനായില്ല. ബൗളർമാർ മേധാവിത്വം പുലർത്തിയ കളിയിൽ ചെന്നൈയെ മൂന്ന്‌ റണ്ണിന്‌ വീഴ്‌ത്തി രാജസ്ഥാൻ റോയൽസ്‌ കരുത്തുകാട്ടി. ജയത്തോടെ ഐപിഎൽ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ എത്തുകയും ചെയ്‌തു സഞ്ജു സാംസണും കൂട്ടരും. അവസാന പന്തിൽ അഞ്ച്‌ റൺ വേണമായിരുന്നു ചെന്നൈയ്‌ക്ക്‌. എന്നാൽ, സന്ദീപ്‌ ശർമയുടെ പന്തിൽ ഒരു റൺ നേടാനെ ധോണിക്ക്‌ കഴിഞ്ഞുള്ളു. എട്ടാമനായെത്തി 17 പന്തിൽ 32 റണ്ണടിച്ചെങ്കിലും ഫിനിഷറുടെ വേഷം പൂർത്തിയാക്കാനായില്ല നാൽപ്പത്തൊന്നുകാരന്‌. അതിസമർഥമായി പന്തെറിഞ്ഞ സ്‌പിന്നർമാരാണ്‌ രാജസ്ഥാൻ വിജയത്തിന്റെ നേരവകാശികൾ. സ്‌കോർ: രാജസ്ഥാൻ 8–-175, ചെന്നൈ 6–-172. സ്വന്തംതട്ടകത്തിൽ ജയം ലക്ഷ്യമിട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ സ്‌പിന്നർമാരായ ആർ അശ്വിനും യുശ്‌വേന്ദ്ര ചഹാലുമാണ്‌ തടഞ്ഞത്‌. ഇരുവരും രണ്ട്‌ വിക്കറ്റ്‌ വീതം നേടി. നിർണായക സമയങ്ങളിൽ റൺനിരക്ക്‌ കുറയ്‌ക്കുകയും ചെയ്‌തു. ചെന്നൈ ഓപ്പണർ ഡെവൺ കോൺവേ (50) അരസെഞ്ചുറി നേടി. അവസാന ഓവറിൽ 21 റണ്ണായിരുന്നു ജയിക്കാൻ. ധോണി രണ്ട്‌ സിക്‌സർ ഒന്നിച്ച്‌ പായിച്ചെങ്കിലും സന്ദീപിന്റെ മിടുക്കിനുമുന്നിൽ കീഴടങ്ങി. രവീന്ദ്ര ജഡേജയുമൊന്നിച്ച്‌ (15 പന്തിൽ 25*) ഏഴാം വിക്കറ്റിൽ 59 റണ്ണാണ്‌ ധോണി ചേർത്തത്‌. ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിന്‌ ഇറങ്ങിയ രാജസ്ഥാനുവേണ്ടി ജോസ്‌ ബട്‌ലർ (36 പന്തിൽ 52) അരസെഞ്ചുറി നേടി. ദേവ്‌ദത്ത്‌ പടിക്കൽ (26 പന്തിൽ 38), ആർ അശ്വിൻ (22 പന്തിൽ 30), ഷിംറോൺ ഹെറ്റ്‌മെയർ (18 പന്തിൽ 30) എന്നിവരും ഭേദപ്പെട്ട കളി പുറത്തെടുത്തു. സഞ്ജു റണ്ണെടുക്കുംമുമ്പ്‌ മടങ്ങി