28 June 2024 Friday

ചാമ്പ്യൻസ് ലീഗിൽ ഗ്ലാമർ പോരാട്ടം; ബയേൺ ഇന്ന് സിറ്റിക്ക് എതിരെ

ckmnews


ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് ഗ്ലാമർ പോരാട്ടം. ജർമൻ ഭീമന്മാരായ ബയേൺ മ്യൂണിക്ക് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30ന് സിറ്റിയുടെ ഹോം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യ പാദ മത്സരം അരങ്ങേറുക. കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങൾ തോൽവിയറിയാതെ കുതിക്കുന്ന സിറ്റി മികച്ച ഫോമിലാണ്. പുതുതായി സ്ഥാനമേറ്റെടുത്ത തോമസ് ട്യുച്ചലിന് കീഴിൽ ജർമൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രെയ്‌ബർഗിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു ബയേൺ. തൊട്ടടുത്ത ലീഗ് മത്സരത്തിൽ ഫ്രെയ്‌ബർഗിനെ മറുപടിയില്ലാത്ത ഒരു ഗോളുകൾക്ക് തകർത്ത് ബയേൺ പകരം വീട്ടിയിരുന്നു

തുടരെ പ്രീമിയർ ലീഗ് കിരീടങ്ങളും മറ്റ് കപ്പ് ടൂർണമെന്റുകളും നേടിയെങ്കിലും കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണ എത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിക്കണം എന്ന ലക്ഷ്യവുമായാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇറങ്ങുന്നത്. ആ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടു തന്നെയാണ് ഹാലണ്ട് എന്ന മനുഷ്യ ഗോൾ മെഷീനെ ടീം തട്ടകത്തിൽ എത്തിച്ചത്. ലീഗിൽ 27 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളാണ് താരം നേടിയത്. മാർച്ച് പകുതിയോടെ പരുക്കേറ്റ് പുറത്തായ ഹാലണ്ട് കഴിഞ്ഞ മത്സരത്തിൽ സാംതാംപ്ടനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് കളിക്കളത്തിലേക്ക് വന്നത്. ബുണ്ടസ്‌ലീഗയിൽ ഡോർട്മുണ്ടിന് വേണ്ടി കളിക്കുമ്പോൾ ബയേണിനെതിരെ ഏഴ് മത്സരങ്ങളിൽ നിന്നായി താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. ഓപ്പറേഷന് ശേഷം വിശ്രമിക്കുന്ന ഫിൽ ഫോഡന് മാത്രമാണ് ഇന്നത്തെ മത്സരം നഷ്ടപ്പെടുക.

പുതിയ പരിശീലകന് കീഴിൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഒരുങ്ങുകയാണ് ബയേൺ മ്യൂണിക്ക്. ചെൽസിയിൽ നിന്നും പുറത്തായ തോമസ് ട്യൂച്ചലാണ് നിലവിൽ ടീമിണ്റ്റെ പരിശീലകൻ. പരിശീലക സ്ഥാനം ഏറ്റെടുത്ത ട്യൂച്ചൽ ആദ്യ മത്സരത്തിൽ തന്നെ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് തന്റെ വരവ് പ്രഖ്യാപിച്ചത്. പരുക്കുകളുടെ പിടിയിലാണ് ബയേൺ. മാന്വൽ ന്യുയരും ലൂക്കാസ് ഹെർണാണ്ടസും മാത്യസ് ടെലും ചുപ്പോ മോട്ടിങ്ങും ടീമിൽ ഇല്ല. സാദിയോ മാനേ, ജോർജിയ ഗ്നാബ്രി, ജമാൽ മുസ്യാല എന്നിവർ പരുക്ക് മോചിതമായി തിരികെ വന്നിട്ടുണ്ട്.