28 June 2024 Friday

ത്രില്ലിംഗ് ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്സ്

ckmnews

ബെംഗളൂരു: ഐപിഎല്ലില്‍ തിങ്കളാഴ്‌ചത്തെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന്‍റെ അന്ത്യം നാടകീയവും ത്രില്ലിംഗുമായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 212 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും അവസാന പന്തില്‍ വിജയിക്കുകയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഐപിഎല്ലില്‍ അഞ്ചാം തവണയും 200ലധികം സ്കോര്‍ നേടിയിട്ടും ആര്‍സിബി തോല്‍വി നുണഞ്ഞപ്പോള്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ച ലഖ്‌നൗ റെക്കോര്‍ഡുമായി തലയുയര്‍ത്തിയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.

ഐപിഎല്ലില്‍ ഏറ്റവുമുയര്‍ന്ന നാലാമത്തെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്ന ടീമെന്ന നേട്ടത്തിലെത്തി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 2020ല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സ് 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതാണ് പട്ടികയില്‍ മുന്നിലുള്ള റെക്കോര്‍ഡ്. 2021ല്‍ ദില്ലിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് 219 ചേസ് ചെയ്‌ത് വിജയിച്ചത് രണ്ടാമതും 2008ല്‍ ഡെക്കാനെതിരെ ഹൈദരാബാദില്‍ 215 റണ്‍സ് പിന്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത് മൂന്നാമതും നില്‍ക്കുന്നു. 2022 സീസണില്‍ മുംബൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 211 റണ്‍സ് വിജയലക്ഷ്യം നേടിയതിന്‍റെ സ്വന്തം റെക്കോര്‍ഡ് ആര്‍സിബിക്കെതിരായ ജയത്തോടെ ലഖ്‌നൗ ടീം തകര്‍ത്തു.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ ഒരു വിക്കറ്റിന്‍റെ ജയമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് അവസാന പന്തില്‍ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62) എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടാണ് രക്ഷയായത്. അവസാന ഓവറുകളില്‍ ആയുഷ് ബദോനി(24 പന്തില്‍ 30) നിര്‍ണായകമായി. വെടിക്കെട്ട് വീരന്‍ കെയ്‌ല്‍ മയേഴ്‌സ് പൂജ്യത്തിനും നായകന്‍ കെ എല്‍ രാഹുല്‍ 18നും ദീപക് ഹൂഡ 9നും ക്രുനാല്‍ പാണ്ഡ്യ പൂജ്യത്തിനും പുറത്തായി. 19-ാം ഓവറിലെ നാലാം പന്തില്‍ ബദോനിയും അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വുഡും(1) അഞ്ചാം പന്തില്‍ ജയ്‌ദേവ് ഉനദ്‌കട്ടും(9) പുറത്തായിട്ടും അവസാന പന്തില്‍ ബൈ റണ്‍ ഓടി രവി ബിഷ്‌ണോയിയും ആവേശ് ഖാനും ടീമിനെ ജയിപ്പിക്കുകയായിരുന്നു. 


നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ആര്‍സിബി വിരാട് കോലി(44 പന്തില്‍ 61), ഫാഫ് ഡുപ്ലെസിസ്(46 പന്തില്‍ 79*), ഗ്ലെന്‍ മാക്‌സ്‌വെല്‍(29 പന്തില്‍ 59) എന്നിവരുടെ കരുത്തിലാണ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടിയത്. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ആര്‍സിബിക്ക് ഫലം നിരാശയായി. മുഹമ്മദ് സിറാജും വെയ്‌ന്‍ പാര്‍നലും മൂന്ന് വീതവും ഹര്‍ഷല്‍ പട്ടേല്‍ രണ്ടും കരണ്‍ ശര്‍മ്മ ഒന്നും വിക്കറ്റ് നേടിയതൊന്നും ടീമിനെ തുണച്ചില്ല