28 June 2024 Friday

സായ് സുദർശൻ്റെ ഫിഫ്റ്റി; കില്ലർ മില്ലറിൻ്റെ ക്ലിനിക്കൽ ഫിനിഷ്; ഗുജറാത്തിന് തുടർച്ചയായ രണ്ടാം ജയം

ckmnews



ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി മുന്നോട്ടുവച്ച 163 റൺസ് വിജലയക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ 11 പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് മറികടന്നു. സായ് സുദർശൻ (48 പന്തിൽ 62 നോട്ടൗട്ട്) ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ഡേവിഡ് മില്ലറിൻ്റെ തകർപ്പൻ ഫിനിഷിംഗ് ആണ് (16 പന്തിൽ 31 നോട്ടൗട്ട്) ഗുജറാത്തിൻ്റെ ജയം അനായാസമാക്കിയത്. ഡൽഹിക്കായി ആൻറിച് നോർക്കിയ രണ്ട് വിക്കറ്റ് വീഴ്ത്തി.

വൃദ്ധിമാൻ സാഹ (14), ശുഭ്മൻ ഗിൽ (14) എന്നിവരെ തുടക്കത്തിൽ തന്നെ മടക്കി ആൻറിച് നോർക്കിയ ഗുജറാത്തിനെ വിറപ്പിച്ചു. ഹാർദിക് പാണ്ഡ്യ (5) ഖലീൽ അഹ്‌മദിൻ്റെ ഇരയായി മടങ്ങിയതോടെ ഗുജറാത്ത് ബാക്ക്ഫൂട്ടിലായി. നാലാം വിക്കറ്റിൽ സായ് സുദർശനും ഇംപാക്ട് പ്ലയറായി എത്തിയ വിജയ് ശങ്കറും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. സാവധാനമാണ് ഇരുവരും സ്കോർ ചെയ്തതെങ്കിലും വിക്കറ്റ് നഷ്ടമാവാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. 53 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 23 പന്തിൽ 29 റൺസ് നേടിയ വിജയ് ശങ്കറെ മിച്ചൽ മാർഷ് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് തകർന്നു.

എന്നാൽ, ആറാം നമ്പറിലെത്തിയ ഡേവിഡ് മില്ലർ തകർപ്പൻ ഫോമിലായിരുന്നു. അനായാസം ബൗണ്ടറികൾ നേടിയ താരം ഗുജറാത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ 44 പന്തിൽ സായ് സുദർശൻ ഫിഫ്റ്റി തികച്ചു. അപരാജിതമായ 56 റൺസാണ് സുദർശനും മില്ലറും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.


ആദ്യം ബാറ്റ് ചെയ്ത ഡൽഹി 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 162 റൺസ് നേടിയത്. 32 പന്തിൽ 37 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.