28 June 2024 Friday

കനത്ത പ്രതിഫലവുമായി അൽ ഹിലാൽ രംഗത്ത്; മെസ്സിക്ക് വേണ്ടി ചരടുവലികൾ സജീവം

ckmnews



ലിയോണൽ മെസ്സിയെ തട്ടകത്തിലെത്തിക്കാൻ ലോകറെക്കോർഡ് പ്രതിഫലവുമായി സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ രംഗത്തെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെർമെയ്‌നുമായി ഈ വർഷം കരാർ അവസാനിക്കുന്ന മെസ്സിയെ ടീമിലെത്തിക്കാൻ മുൻ നിര ടീമുകൾ രംഗത്തുണ്ട്. 400 മില്യൺ യൂറോയ്ക്ക് മുകളിൽ ലോക റെക്കോർഡ് പ്രതിഫലമാണ് അൽ ഹിലാൽ താരത്തിനായി മുന്നോട്ടുവയ്ക്കുന്നത്

എന്നാൽ, മെസ്സിക്ക് യൂറോപ്പിൽ തുടരാനാണ് താത്പര്യമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. നിലവിൽ സൗദി ലീഗിൽ അൽ നാസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ട്. അൽ ഹിലാലിന് മെസ്സിയെ ലീഗിലേക്ക് എത്തിക്കാൻ സാധിച്ചാൽ ലോകത്തെ രണ്ടാക്കി വേർപെടുത്തിയ പോരാട്ടത്തിന്റെ അടുത്ത ഘട്ടം ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും.


താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി തയായറെടുക്കുന്നുണ്ട്. എന്നാൽ, താരം ക്ലബ്ബുമായി കരാർ പുതുക്കാൻ തയ്യാറല്ലെന്നും സീസൺ പൂർത്തിയായാൽ ടീം വിടുമെന്നും ഫ്രാൻ‌സിൽ നിന്നും വാർത്തകളുണ്ട്. കൂടാതെ, ക്ലബ്ബിന്റെ ഒരു വിഭാഗം ആരാധകർക്ക് താരത്തോടുള്ള സമീപനം കരാർ പുതുക്കലിനെ ബാധിച്ചിട്ടുമുണ്ട്.


മെസ്സിയെ തിരികെയെത്തിക്കാൻ മുൻ ക്ലബ് എഫ്‌സി ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. താരവുമായുള്ള ചർച്ചകൾ ആരംഭിച്ചതായി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, സാമ്പത്തികമായി മോശം സാഹചര്യത്തിലുള്ള ക്ലബ് താരത്തെ എൻജിൻ ക്ലബ്ബിലേക്ക് എത്തിക്കാനുള്ള വഴികളെ കുറിച്ച് ചർച്ചയിലാണ്. ഫൈനൽ ഫെയർ പ്ലേയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് മെസ്സിയുടെ മുന്നിലേക്ക് കരാർ വെക്കുന്നതിനാണ് ക്ലബ്ബിന്റെ നിലവിലെ തീരുമാനം.